തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പഠനക്യാമ്പ് നടത്തി. കഴക്കൂട്ടം എം.എൽ.എ കൂടിയായ മന്ത്രിയുടെ ഉദ്യമത്തിന് പിന്തുണയുമായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും, സൈക്കോളജിസ്റ്റും, ചലച്ചിത്ര നടിയുമായ മാല പാർവതിയും ചേർന്നപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്യാമ്പ് പുതിയ അനുഭവമായി.
മാജിക് കാണിച്ചും, ആത്മവിശ്വാസം പകരുന്ന അനുഭവങ്ങൾ പകർന്നുമാണ് മുതുകാടും മാല പാർവതിയും ക്ലാസുകൾ നയിച്ചത്. മുതുകാടിന്റെ മാജിക്കിൽ പങ്കാളിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖയും ചേർന്നു. പരീക്ഷയെ പേടിക്കുകയല്ല, തികഞ്ഞ ആത്മവിശ്വാസത്തോടെ സമീപിക്കുകയാണ് വേണ്ടതെന്ന് ഉദാഹരണങ്ങൾ സഹിതം ഗോപിനാഥ് മുതുകാട് കുട്ടികളെ ഉപദേശിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ പഠന രീതികളിലൂടെ പരീക്ഷയെ സമീപിക്കുന്നതിനും അനാവശ്യമായ പരീക്ഷപ്പേടി ഒഴിവാക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശം നൽകുന്നതിനും, മണ്ഡലത്തിലെ വിജയശതമാനം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് പഠനക്യാമ്പ് നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 14 ന് ഇതേ മാതൃകയിൽ ക്യാമ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി നടപ്പിലാക്കിവരുന്ന 'പ്രകാശം' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 3 വർഷമായി പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് നടത്തി വരുന്നുണ്ട്. അതിന് പുറമേയാണ് പരീക്ഷാപ്പേടി മാറ്റാനുള്ള പഠനക്യാമ്പുകളും നടത്തുന്നത്.