തിരുവനന്തപുരം: പ്രകൃതി ശാസ്ത്രജ്ഞനും ജൈവവൈവിദ്ധ്യം നിലനിറുത്തുന്നതിനായി മിയാവാക്കി കാടുകൾ ഒരുക്കി ലോക ശ്രദ്ധേയനുമായ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. അകിരാ മിയാവാക്കിയുടെ 92ാം ജന്മദിനം ആഘോഷിച്ച് തലസ്ഥാനം. ചാല സ്കൂളിലെ പത്ത് സെന്റ് സ്ഥലത്ത് മിയാവാക്കി കാട് നിർമ്മിച്ചാണ് ജന്മദിനം ആഘോഷിച്ചത്. ചടങ്ങിൽ സ്കൈപ്പ് ലൈവിൽ എത്തിയ അകിരാ മിയാവാക്കി കേരളത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് ആശംസകൾ നേർന്നു. മിയാവാക്കിയുടെ പ്രഥമ ശിഷ്യന്മാരിൽ ഒരാളായ യോക്കോഹമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. കസ്യൂ ഫുജിവാരായും മിയാവാക്കിയോടൊപ്പം പുസ്തകം രചിച്ച ജോർജിയ യൂണിവേഴ്സ്റ്റിയിലെ പ്രൊഫ. ഡോ. എൾജീൻ ബോക്സും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു.
സംസ്ഥാന ബയോഡൈവേർസിറ്റി മുൻ ഡയറക്ടറും, നാച്ചുറൽസ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ പ്രൊഫ. വി.കെ ദാമോദരൻ ആദ്യ മരം നട്ടു. 1600 ഓളം മരങ്ങളാണ് വച്ചു പിടിപ്പിച്ചത്.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺലിന്റെ നേതൃത്വത്തിൽ കൾച്ചർ ഷോപ്പി, എൻ.ജി.ജി.എഫ്.എൻ നേച്ചേഴ്സ് ഗ്രീൻ ഗാഡിയൻ ഫൗണ്ടേഷൻ, കൾച്ചർ ഷോപ്പി എന്നിവർ ചേർന്നാണ് കാടൊരുക്കിയത്. കെ.ഡിസ്കിലെ പ്രതിനിധികളായി ഷക്കീല, രോഹിത്, ചീഫ് ഫോറസ്റ്റ് ഓഫീസർ പദ്മ മൊഹന്തി, ഇൻവീസ് മൾട്ടി മീഡിയ ഡയറക്ടർ ഹരി, പി.ടി.എ പ്രസിഡന്റ് പി. മോഹനൻ, എച്ച്.എം.കെ. രാജേന്ദ്രൻ, സ്കൂൾ വികസന സമിതി അംഗം സജി, എസ്.പി.സി പ്രസിഡന്റ് ഗുരുമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.