ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡിസ്്കോ എന്ന് പേരിട്ടു. ഇന്ദ്രജിത്തും ചെമ്പൻ വിനോദും മുകേഷും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റിൽ ചിത്രീകരണമാരംഭിക്കും.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ലാസ് വേഗാസാണ ്ഡിസ്കോയുടെ പ്രധാന ലൊക്കേഷൻ. പശ്ചിമ അമേരിക്കയിൽ വർഷം തോറും അരങ്ങേറുന്ന ബേർണിംഗ് മാൻ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഡിസ്കോയുടെ രചന നിർവഹിക്കുന്നത് എസ്. ഹരീഷാണ്. വിവാദ നോവലായ മീശയുടെ രചയിതാവായഎസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് ഒരുക്കിയത്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജെല്ലിക്കെട്ടിന് രചന നിർവഹിച്ചത്.
താരനിർണയം പൂർത്തിയായിവരുന്ന ഡിസ്കോയിൽ ഒട്ടേറെ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. എട്ട് വർഷം മുൻപ് ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി പ്ലാൻ ചെയ്ത ചിത്രമാണ് ഡിസ്കോ. പല കാരണങ്ങളാലുംചിത്രം തുടങ്ങാൻ വൈകുകയായിരുന്നു. ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ചുഴലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇടുക്കിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ജോജു ജോർജും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും ദിലീഷ് പോത്തനും വിനയക് ഫോർട്ടുമാണ് മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നത്.