ബോളിവുഡിന് ഇനി ക്രിക്കറ്റ് ജ്വരത്തിന്റെ നാളുകൾ. ആദ്യമായി ലോക കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന 83, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്കായ സബാഷ് മിത എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇന്റർനറ്റിൽ തരംഗമാവുകയാണ്.
83 യുടെ ഫസ്്റ്റ് ലുക്ക് പോസ്റ്റർ
റിലീസ് ചെയ്തത് കമലഹാസൻ
ആദ്യ രണ്ട് ലോക കിരീടം സ്വന്തമാക്കി ഹാട്രിക്ക്സ്വപ്നവുമായി വന്ന വെസ്റ്റ് ഇൻഡീസിനെ കടപുഴക്കിയെറിഞ്ഞ് 1983-ൽ ലോക ക്രിക്കറ്റിന്റെ രാജാക്കന്മാരായി മാറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പോരാട്ടത്തിന്റെ കഥ പറയുന്ന 83എന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ഇന്ത്യയ്ക്ക് ലോക ക്രിക്കറ്റ് കിരീടം ആദ്യമായി നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽദേവിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞയാഴ്ചഞ്ഞ ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കമലഹാസനാണ് റിലീസ് ചെയ്തത്. ആദ്യമായി ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനെ 'കപിലിന്റെ ചെകുത്താന്മാർ" എന്നാണ് വിശേഷിപ്പിക്കുന്നത്. കബീർഖാൻ സംവിധാനം ചെയ്യുന്ന 83-ൽ രൺവീർ സിംഗാണ് കപിൽദേവിന്റെ വേഷത്തിലെത്തുന്നത്.
ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്യുന്നുണ്ട്.
തഹിർരാജ് ബാസിൻ സുനിൽ ഗവാസ്കറായും ജീവകൃഷ്ണമാചാരി ശ്രീകാന്തായും സഖീബ് സലിം മൊഹിന്ദർ അമർനാഥായും ജതിൻശർമ്മ യശ്പാൽ ശർമ്മയായും ചിരാഗ് പട്ടീൽ സന്ദീപ് പട്ടീലായും ഡിങ്കർ ശർമ്മ കീർത്തി ആസാദായും നിഷാന്ത് ദഹിയ റോജർ ബിന്നിയായും ഹാൻഡി സന്ദു മദൻലാലായും സഹീൽ ഖട്ടർ സായിദ് കിർമാനിയായും അമ്മി വിർക്ക് ബൽവീന്ദർ സിംഗ് സന്ദുവായും അദ്ദിനാഥ് കോത്താരി ദിലീപ് വെംഗ്സർക്കാറായും ഭയ്ര കർവ രവിശാസ്ത്രിയായും ആർ. ബദ്രി സുനിൽ വത്സനായും വേഷമിടുന്നു.
ചിത്രത്തിൽ ടീമിന്റെ പബ്ളിക് റിലേഷൻ മാനേജർ മാൻസിംഗിന്റെ വേഷമവതരിപ്പിക്കുന്നത്പങ്കജ് ത്രിപാദിയാണ്.
റിലയൻസ് എന്റർടെയ്ൻമെന്റുംഫാന്റം ഫിലിംസും കബീർ ഖാൻ ഫിലിംസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ ദീപിക പദുക്കോണാണ്. രൺവീർ സിംഗിന്റെ ഭാര്യയായ ദീപിക 83-ൽ അഭിനയിക്കുന്നതും രൺവീറിന്റെ ഭാര്യയായാണ്. കപിൽദേവിന്റെ ഭാര്യ റോമിദേവിന്റെ വേഷം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ഏകദിനത്തിൽ 6,000 റൺസും തുടർച്ചയായി ഏഴ് അർദ്ധ ശതകങ്ങളും നേടിയ ഏക വനിതയുമായ മിതാലിരാജിന്റെ ജീവിതകഥ പറയുന്ന സബാഷ് മിതുവിൽ തപ്സി പന്നുവാണ് മിതാലിയുടെ വേഷമവതരിപ്പിക്കുന്നത്. അടുത്ത വർഷം തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ ദൊലാക്കിയയാണ്. വയാകോം 18 മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പ്രിയ അവേനാണ്.