ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതുതായി 1000 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബായിൽ കഴിഞ്ഞ ദിവസം 37 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്കകളുണ്ട്. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവും രൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോംഗ് നാന്‍ഷാന്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി.
കേരളത്തിൽ കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചെെനയിൽ നിന്ന് മടങ്ങിയെത്തുന്നവർ ഒരുമാസം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. 28 ദിവസം സ്വന്തം വീട്ടിൽ ഒരു മുറിയിൽ തന്നെ കഴിയണം. ഈ കാലയളവിൽ പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.