തിരുവനന്തപുരം: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കൂട്ടവിരമിക്കൽ നാളെ ബി.എസ്.എൻ.എലിൽ നടക്കും. 78,559 ജീവനക്കാരാണ് കമ്പനിയിൽ നിന്നും സ്വയം വിരമിച്ച് പുറത്ത് പോകുന്നത്. കൂട്ടവിരമിക്കലിനു ശേഷം 85,344 പേരാണ് ബി.എസ്.എൻ.എലിൽ ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നത്.
ഒരു മാസത്തെ ശമ്പളകുടിശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. ജനുവരി ആദ്യ ആഴ്ചയിൽ ജീവനക്കാർക്ക് ലഭിക്കേണ്ട, ഡിസംബറിലെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാൽ വിരമിക്കൽ അനുകൂല്യം പൂർണമായും ജൂണോടെ ജീവനക്കാർക്ക് ലഭ്യമാവും. പകുതി തുക മാർച്ച് 31ന് മുൻപ് ലഭിക്കും. ശമ്പളത്തുകയിലെ കുടിശിക ഫെബ്രുവരിയിൽ നൽകുമെന്നാണ് വിവരങ്ങൾ. എന്നാൽ നിലവിലുണ്ടാവുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരും. എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങൾ കരാർ അടിസ്ഥാനത്തിൽ കൊടുക്കാനാണ് സർക്കാർ തീരുമാനം.
ബി.എസ്.എൻ. എലിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിർദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ നടപ്പാവുന്നത്. എന്നാൽ കൂട്ടവിരമിക്കലിൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലെന്ന് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷൻ കേരള സർക്കിൾ സെക്രട്ടറി എസ്. ദേവീദാസൻ പറഞ്ഞു. കൂട്ടവിരമിക്കലിനെ തുടർന്ന് പ്രായോഗിക തടസങ്ങൾ ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. അത് മറികടക്കാനുള്ള മാർഗനിർദേശങ്ങൾ കോർപ്പറേറ്റ് ഓഫീസിൽനിന്ന് ലഭിച്ചിട്ടുണ്ട്. ടെലികോം സേവനങ്ങളിൽ പ്രശ്‌നം ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം ഉടനെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.