കാക്കനാട്: ട്രാഫിക് നിയമം കർശനമാക്കിയതോടെ നടപടികളും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സ്കൂട്ടർ ഓടിക്കുന്നതിനിടെ മൊബെെൽ ഫോണിൽ സംസാരിക്കുകയും, ഹെൽമറ്ര് ധരിക്കാതെയുമെത്തിയ വിദ്യാർത്ഥിനിയുടെ ലെെസൻസ് പൊലീസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഒപ്പം 2,500 രൂപ പിഴയും വിധിച്ചു. ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസിൽ പങ്കെടുക്കാനുമാണ് പൊലീസ് നിർദേശിച്ചത്.
പടമുകൾ പാലച്ചുവട് സ്വദേശിയായ വിദ്യാർത്ഥിനിയാണ് രാവിലെ സ്കൂട്ടറിൽ കോളജിലേക്ക് പോകും വഴി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പിടിയിലായത്. പെൺകുട്ടിയുടെ ഒരു കൈ സ്കൂട്ടറിന്റെ ഹാൻഡിലിലും മറു കയ്യിൽ മൊബൈൽ ഫോണുമായാണ് വണ്ടി ഓടിച്ചത്. മൊബൈൽ ഫോൺ ഡയൽ ചെയ്തു കൊണ്ടായിരുന്നു സ്കൂട്ടർ ഓടിക്കൽ. ഹെൽമറ്റും ഇല്ലായിരുന്നു. തുടർന്ന് പെൺകുട്ടിയെ എം.വി.ഐ കെ.ആർ.തമ്പിയാണ് തടഞ്ഞത്. സ്കൂട്ടർ ജംഗ്ഷനിൽ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാർത്ഥിനി പറഞ്ഞതിനാൽ ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ അപ്പോൾ തന്നെ കുറ്റപത്രം നൽകി വിട്ടയച്ചു.
പിറ്റേ ദിവസം ആർ.ടി ഓഫിസിൽ ഹാജരാകാൻ വൈകിയതിനാൽ ഉദ്യോഗസ്ഥർ വിദ്യാർത്ഥിനിയുടെ വീട്ടിലെ വിലാസത്തിൽ ഷോക്കോസ് നോട്ടീസും അയച്ചു. ആർ.ടി.ഒ കെ.മനോജ്കുമാർ മുമ്പാകെ ഹാജരായ വിദ്യാർത്ഥിനി ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോൺ ചെയ്തതെന്നാണ് ആദ്യം ബോധിപ്പിച്ചത്. തുടർന്ന് അന്വേഷണത്തിൽ കൂട്ടുകാരിയെയാണ് വിളിച്ചതെന്നും വ്യക്തമായി.