
ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ വിമാനത്തിൽ വച്ചു ചോദ്യം ചെയ്ത പ്രശസ്ത വിദൂഷകൻ കുനാൽ കമ്രയ്‌ക്ക് കൂടുതൽ വിമാനക്കമ്പനികളുടെ വിലക്ക്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പിന്നാലെ, ഗോ എയറും സ്‌പൈസ് ജെറ്റും യാത്രാ വിലക്കേർപ്പെടുത്തി. എയർ ഏഷ്യയും വിസ്താരയും ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു. ഇൻഡിഗോ 6 മാസത്തേക്കാണ് യാത്രാവിലക്ക് എർപ്പെടുത്തിയതെങ്കിൽ മറ്റു കമ്പനികൾ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ എന്നാണു അറിയിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച മുംബൈ – ലക്നൗ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനായിരുന്ന അർണബിനോട് 'താങ്കൾ മാധ്യമപ്രവർത്തകനോ ഭീരുവോ' എന്നു ചോദിക്കുന്ന വിഡിയോ കമ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അർണബിനെ പരിഹസിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രംഗത്തുവന്നു. ഇൻഡിഗോ കമ്രയ്‌ക്കെതിരെ സ്വീകരിച്ച നടപടി മറ്റു കമ്പനികൾക്കു മാതൃകയാകട്ടെ എന്നായിരുന്നു പുരിയുടെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് കൂടുതൽ കമ്പനികൾ നടപടി സ്വീകരിച്ചത്.
എന്നാൽ നടപടികളെ പരിഹസിച്ച് 'എനിക്കു റോഡിലൂടെ നടക്കാമോ?' എന്ന ചോദ്യവുമായി കമ്ര രംഗത്തെത്തിയിരുന്നു. രോഹിത് വെമുലയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് താൻ അർണബിനെ ചോദ്യം ചെയ്‌തതെന്നു വിശദീകരിച്ച കമ്ര, വെമുലയുടെ ആത്മഹത്യാ വാർത്ത അർണബിന്റെ ചാനലിൽ റിപ്പോർട്ട് ചെയ്ത രീതിയോടുള്ള തന്റെ പ്രതികരണം മാത്രമായിരുന്നു അതെന്നും വിശദീകരിച്ചു