ചാലക്കുടി: വാഹനപരിശോധനയ്ക്കിടെ ദൃതിയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നുകളഞ്ഞ സ്കൂട്ടർ യാത്രികർക്ക് മൊബൈൽ ഫോൺ വഴി എട്ടിന്റെ പണി വീട്ടിലെത്തി. സംഭവം ഇങ്ങനെ, കൊരട്ടി സ്വദേശികളായ പാറോക്കാരൻ അജോ തോമസ് ഓടിച്ചിരുന്ന ചേതക് സ്കൂട്ടറിന് നമ്പർ പ്ലേറ്റില്ലായിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽവച്ച് കൈകാണിച്ച മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് യുവാവ് വണ്ടി നിറുത്താതെ ഓടിച്ചുപോയി. അതിനും ഒരു കാരണമുണ്ടായിരുന്നു. നമ്പർ പ്ലേറ്റ് മാത്രമല്ല സ്കൂട്ടറിന് രജിസ്ട്രേഷനും ഇല്ലായിരുന്നു. മൂന്ന് വർഷം മുമ്പ് രജിസ്ട്രേഷൻ കാലാവധി തീർന്ന വണ്ടിയായിരുന്നു അത്. പിടിച്ചാൽ കുടുങ്ങുമെന്ന് കരുതി അമിത് വേഗത്തിൽ കടന്നുകളഞ്ഞു. മരണപ്പാച്ചിലിൽ പിൻസീറ്റിലിരുന്ന സുഹൃത്ത് ടോം ജോസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ താഴെ വീണു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഫോൺ കസ്റ്റഡിയിലെടുത്ത് എയർടെൽ കമ്പനിയുടെ ജീവനക്കാരുമായി ബന്ധപ്പെട്ട് വിലാസം ശേഖരിച്ചു. പിന്നീട് എല്ലാം ദ്രുതഗതിയിലായിരുന്നു. കറക്കം കഴിഞ്ഞ് വീട്ടിലെത്തിയ യുവാക്കൾ കണ്ടത് തങ്ങളെ കാത്ത് സ്വീകരണമുറിയിലിരിക്കുന്ന ഉദ്യോഗസ്ഥരെയാണ്. കൈയോടെ ഇവർക്ക് പതിനായിരം രൂപ പിഴയും എഴുതിനൽകി. ഉദ്യോഗസ്ഥർ സംതൃപ്തി അടഞ്ഞു.
തീർന്നില്ല, ദ്രുതഗതിയിൽ കടന്നുകളഞ്ഞ യുവാക്കൾ ഇനി ഒരാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാവണം. ഇതിന് പുറമെ മലപ്പുറത്തെ മോട്ടോർ വാഹനവകുപ്പിന്റെ കേന്ദ്രത്തിൽ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിലും പങ്കെടുക്കണം. രജിസ്ട്രേഷനില്ലാതെ വണ്ടി ഉദ്യോഗസ്ഥർക്ക് മുന്നിൽ നിറുത്തിയാലെന്തായിരുന്നു? എല്ലാം കേട്ട് നാട്ടുകാർ ചോദിച്ച ഈ ചോദ്യം ഇപ്പോൾ യുവാക്കൾ പരസ്പരം ചോദിക്കുകയാണ്