തനിക്കൊരു കുഞ്ഞു പിറന്നതിന്റെ സന്തോഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരി 14നാണ് ദിവ്യക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. ഫേസ്ബുക്കിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒരു കുഞ്ഞ് രാജകുമാരി പിറന്നു. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞും അമ്മയും ഒന്നിച്ചുള്ള ഫോട്ടോയും താരം പങ്കുവച്ചു.
താൻ ഗർഭിണി ആയിരുന്നപ്പോഴും തന്റെ കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷങ്ങൾ ദിവ്യ ആരാധകരെ അറിയിച്ചിരുന്നു. ''ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല. അവ ഹൃദയത്തിൽ അനുഭവിച്ചറിയണം"" എന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ഇപ്പോൾ രാജകുമാരിയെ നേരിട്ട് കണ്ടതിന്റെ ആഹ്ളാദത്തിലാണ് താരം.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. അരുൺ കുമാറാണ് ഭർത്താവ്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുകയാണ്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നി രണ്ട് കുട്ടികൾ ദിവ്യക്കുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികൾ ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.