തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെയുള്ള 21.82 കി. മീ. ദൂരവും കോഴിക്കോട് മീൻചന്ത മുതൽ മെഡിക്കൽ കോളേജ് വരെയുള്ള 13.30 കി.മീ. ദൂരത്തിലുമാണ് നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളതെന്ന് പത്രങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോ പണി പൂർത്തിയാവാൻ ഇനി ഏതാണ്ട് 10 കി. മീ. ദൂരമേയുള്ളൂ. ലൈറ്റ് മെട്രോ പദ്ധതി നടപ്പിലായാൽ തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും രൂക്ഷമായ യാത്രാക്ളേശവും വാഹനക്കുരുക്കും അന്തരീക്ഷ മലിനീകരണവും ഒരു പരിധി വരെ ഇല്ലാതാകും.
പള്ളിപ്പുറം - കരമന ലൈറ്റ് മെട്രോയ്ക്കായി കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമ്പോൾ ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ സമയബന്ധിതമായി തീർക്കേണ്ടിവരും. മെട്രോ ഡിപ്പോയ്ക്കും യാർഡിനുമായി തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥലമെടുത്ത് കഴിഞ്ഞതായിട്ടാണ് അറിവ്. നിർമ്മാണം നീണ്ടുപോകുന്തോറും പദ്ധതി ചെലവും കൂടിക്കൊണ്ടിരിക്കും. 6728 കോടി രൂപയായിരുന്നു 2016-ൽ കണക്കാക്കിയിരുന്നത്. പുതുക്കിയ പദ്ധതി ചെലവ് അനുസരിച്ച് ഇത് 7446 കോടിയായി. നിർമ്മാണം നീണ്ടുപോയാൽ പദ്ധതിയുടെ ചെലവ് ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.
ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധങ്ങളെന്തെന്ന് മനസിലാക്കി അവയെ മറികടന്ന് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങളാരംഭിക്കാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും കാണിക്കാൻ കേരള സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പള്ളിപ്പുറം മുതൽ കരമന വരെ രണ്ടുവശത്തേയും വൃക്ഷത്തലപ്പുകൾക്ക് സമാന്തരമായി പ്രകൃതിദൃശ്യം കണ്ടാസ്വദിച്ച് ആ മനോഹരമായ മെട്രോ ട്രെയിനിൽ സഞ്ചരിക്കുക എന്ന സ്വപ്നം അനതിവിദൂര ഭാവിയിൽ സാക്ഷാത്കരിക്കപ്പെടുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കട്ടെ.
പിരപ്പൻകോട് സുശീലൻ തിരുവനന്തപുരം (Email - prirappancodesuseelan@gmail.com)