ലുധിയാന: മരണപ്പെട്ട ശേഷവും ദിവ്യത്വം ആരോപിക്കപ്പെട്ട് ഫ്രീസറിൽ കഴിയുകയാണ് പഞ്ചാബിലെ ഒരു ആൾദൈവം. തങ്ങളുടെ ഗുരു തിരിച്ചുവരുമെന്ന വിശ്വാസത്തിൽ ശിഷ്യന്മാർ തന്നെയാണ് ജീവൻ വെടിഞ്ഞ പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സൻസ്ഥാൻ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹം ഏറെനാളുകളായി ഫ്രീസറിൽ സൂക്ഷിച്ച് വച്ചിരിക്കുന്നത്. 2014ലാണ് ലുധിയാനയിൽ തന്നെയുള്ള സദ്ഗുരു അപ്പോളോ ആശുപത്രിയിൽ വച്ച് അശുതോഷ് മരണമടഞ്ഞത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അദ്ദേഹത്തിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ മരണശേഷം ആശ്രമ മാനേജ്മെന്റും ശിഷ്യന്മാരും മൃതദേഹം സൂക്ഷിച്ച് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പല പ്രമുഖരും അശുതോഷിന്റെ മൃതദേഹം കാണാനായി എത്തുവാനും തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്‌റ്റൻ അമരീന്ദർ സിംഗും ഇദ്ദേഹത്തെ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ പെടും.
കനത്ത കാവലിലാണ് ആൾദൈവത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജഡം സൂക്ഷിച്ചിരിക്കുന്ന മുറിക്കകത്തേക്ക് അനുവാദമില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്നതല്ല. അകാരണമായി ആരെങ്കിലും അകത്തേക്ക് കടക്കുന്നത് തടയുന്നതിന് ഉതകുന്ന രീതിയിലാണ് മുറിയുടെ ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. വി.ഐ.പികൾക്ക് പോലും ഈ ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിലക്കുണ്ട് എന്നറിയുമ്പോഴാണ് സംഗതിയുടെ ഗൗരവം മനസിലാകുക.
ആശ്രമത്തിൽ തന്നെ ഉയർന്ന പദവി വഹിക്കുന്ന ഏതാനും പേർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനത്തിന് അനുവാദമുള്ളത്. മൃതദേഹത്തിന് ഇതുവരെ കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കോടതികളുടെ നിർദേശപ്രകാരം പതിവായി ജഡത്തിൽ പരിശോധനകൾ നടക്കുന്നുമുണ്ട്. കേടാകാതിരിക്കുന്നതിനായി പതിവായി മൃതശരീരത്തിൽ മരുന്നുകൾ ഉപയോഗിക്കുന്നതായും വിവരമുണ്ട്.