കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. നടൻ ദിലീപും നടിയുമടക്കം എല്ലാ പ്രതികളും കോടതിയിലെത്തി. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഇന്ന് അക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപുൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കുറ്റംചുമത്തിയിരുന്നു. പ്രതികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ ഒന്നും ഒമ്പതും പത്തും പ്രതികളായ പൾസർ സുനി, മേസ്തിരി സനിൽ എന്ന സനിൽകുമാർ, വിഷ്ണു എന്നിവർക്കെതിരെ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തുകയും, ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം.