dog-attacked

തൃശൂർ: വളർത്തുനായയെ കൊണ്ട് നാട്ടുകാരെ ആക്രമിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരും പൊലീസും ചേർന്ന് സഹസികമായാണ് ഇയാളെ പിടികൂടിയത്. ഒളരി എൽത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ യുവാവാണ് പിടിയിലായത്. ബാറിൽ നിന്ന് ഇറങ്ങുന്നവരെയാണ് ഇയാൾ നായയെവിട്ട് കടിപ്പിച്ചിരുന്നത്.

വളർത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കുന്നത് ഇയാളുടെ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നാലുപേരെ നായ കടിച്ചിരുന്നു. നായയുടെ ഉപദ്രവം സ്ഥിരമായതോടെ സഹികെട്ട നാട്ടുകാർ ചോദ്യം ചെയ്യുവാനായി യുവാവിന്റെ വീടിനുമുന്നിൽ ഒന്നിച്ച് കൂടി. നാട്ടുകാർക്കൊപ്പം വഴിയാത്രക്കാരും കൂടിയതോടെ യുവാവും, സഹായികളും പുറത്ത് വന്നു. നാട്ടുകാർക്ക് നേരെ ഇവർ വടിവാൾ വീശുകയും,​ കല്ലുകളും,​ ചില്ലുകുപ്പികളും എറിയുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയതോടെ യുവാവിന്റെ ആക്രമണം പൊലീസിന് നേരെയായി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആക്രമിയെ പിടികൂടാനായത്. ആക്രമികളിൽ ഒരാളെ പൊലീസ് ആംബുലൻസിൽ കയറ്റികൊണ്ട് പോയത് വീണ്ടും പ്രശ്നത്തിലേക്ക് നയിച്ചു. പൊലീസ് പിടികൂടിയത് യഥാർത്ഥ പ്രതിയെ അല്ലെന്നും സൃഹൃത്തിനെയാണെന്നും ആരോപിച്ച് വീണ്ടും നാട്ടുകാ‌ർ രംഗത്തെത്തി. പിന്നീട് വീണ്ടും കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി ഏറനേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് യഥാർത്ഥ പ്രതിയെ പിടികൂടിയത്.

പൊലീസും നാട്ടുകാരും സ്ഥലത്ത് തടിച്ച് കൂടിയതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. ഇതിനിടയിൽ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ ചില്ലും യുവാവ് അടിച്ചു തകർത്തു. ഇയാൾ സ്ഥിരമായി മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് പൊലീസ് ഇയാളെ മാനസീകാരോഗ്യ കേന്ദ്രത്തിലാക്കി. ഇയാൾക്കെതിരെ നാട്ടുകാർ ഒപ്പിട്ട ഹർജി വെസ്റ്റ് പൊലീസിൽ നൽകിയിട്ടുണ്ട്.