kaumudy-news-headlines

1. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ മനുഷ്യ മഹാ റാലി പുരോഗമിക്കുന്നു. കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നിന്നും പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എം.പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ ഗാന്ധി പൊതു സമ്മേളനത്തില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനും എതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ആണ് യു.ഡി.എഫിന്റെ തീരുമാനം


2. എല്‍,ഡി,എഫിന്റെ മനുഷ്യ മഹാ ശൃംഖലയ്ക്ക് പിന്നാലെ ആണ് യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം ഒരുങ്ങുന്നത്. ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം. ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്സല്‍ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കലും നേതൃത്വം നല്‍കും
3. നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഇരയായ നടിയുടെ വിസ്താരം ആണ് ഇന്ന് നടക്കുക. നടിയും കേസിലെ എട്ടാം പ്രതി ദിലീപും കോടതിയില്‍ ഹാജരായി. മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കം പ്രതികളും കോടതിയില്‍ ഉണ്ട്. കേസില്‍ ഒന്നാം പ്രതി ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്ന ദിലീപിന്റെ ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണം എന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒന്നാം പ്രതിക്കെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച സാങ്കേതിക പിഴവാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
4. പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് അല്ലെന്നും കരാര്‍ പ്രകാരം പണം ചോദിച്ചത് ആണെന്നും ആണ് പ്രോസിക്യൂഷന്‍ നിലപാട്. വിചാരണ തടസപ്പെടുത്താന്‍ 30 ല്‍ അധികം ഹര്‍ജികള്‍ ദിലീപ് വിവിധ കോടതിയിലായി നല്‍കി. അതിന്റെ ഭാഗമാണീ ഹര്‍ജിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു വിചാരണ തടസ്സപ്പെടുത്താനും കോടതിയെ ആശയ കുഴപ്പത്തില്‍ അക്കാനുമാണ് ദിലീപിന്റെ ശ്രമം. ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന് കുറ്റപത്രത്തിലില്ല. എന്നാല്‍ കുറ്റം ചുമത്തിയപ്പോള്‍ വിചാരണ കോടതിക്ക് സാങ്കേതിക പിഴവ് സംഭവിച്ചത് ആണെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്
5. മനുഷ്യാ മഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്ത കെ.എം ബഷീര്‍ വീണ്ടും എല്‍.ഡി.എഫ് വേദിയില്‍. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് സി.എ.എയ്ക്ക് എതിരായി നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കും എന്ന് കെ.എം ബഷീര്‍ വ്യക്തമാക്കി. നിയമ ഭേദഗതിയ്ക്ക് എതിരെ ഇത്തരം പരിപാടികള്‍ യു.ഡി.എഫ് നടത്തിയാലും എല്‍.ഡി.എഫ് നടത്തിയാലും പങ്കെടുക്കും എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
6. എല്‍.ഡി.എഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെ ലീഗ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശൃംഖലയില്‍ പങ്കെടുത്ത സംഭവം വിവാവദം ആക്കേണ്ടതില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. എന്നാല്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തവര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് കെ.പി.എ മജീദ് വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബഷീറിന് എതിരെയുള്ള നടപടി.
7. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നതോടെ, രാജ്യത്ത് കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യും എന്ന് ചൈന അറിയിച്ചു. ഇത് ചൂണ്ടികാട്ടിയുള്ള ഇന്ത്യയുടെ ആവശ്യത്തിന് ചൈന കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിലവില്‍ രണ്ട് വിമാനങ്ങള്‍ക്ക് ചൈന അനുമതി നല്‍കിയത് ആയി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ ഉള്ള വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ചൈനയില്‍ നിന്നും അനുമതി കാക്കുകയാണ്.
8. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ പുതുതായി 1000ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണം എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോക ആരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗവും ചേരുന്നുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആണ് ലോക ആരോഗ്യ സംഘടന യോഗം ചേരുന്നതും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതും
9. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനം ആയിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനം എടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ് പറഞ്ഞു. ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു