വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി രംഗത്ത്. ഗാന്ധിജിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്സയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യക്കാർക്ക് തന്നെ ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യക്കാർക്ക് തന്നെ ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. നരേന്ദ്ര മോദിക്ക് അതിനുള്ള അനുമതി ആരാണ് നൽകിയത്. ഇന്ത്യയിലെ തുറമുഖങ്ങളെല്ലാം ഇപ്പോൾ അദാനിക്ക് വിറ്റിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ നമ്മുടെ യുവാക്കൾക്ക് ഭാവിയില്ല. നിങ്ങൾക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാൻ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണ്. ജി.ഡി.പി കൂപ്പുകുത്തുന്നു. ഓരോ മേഖലയിലും പ്രതിസന്ധിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പോലും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല. എല്ലാ പ്രതിസന്ധികൾക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് പടർത്തുന്ന വിദ്വേഷവും വെറുപ്പുമാണ്. എല്ലായിടങ്ങളിലും വെറുപ്പാണ്. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വാക്താക്കളാണ്. ഗാന്ധിജിയുടെ കണ്ണിൽ നോക്കാതെയാണ് ഗോഡ്‌സെ വെടിയുതിർത്തത്. മോദിയും അത് തന്നെ ചെയ്യുന്നു-- രാഹുൽ പറഞ്ഞു.