ജോലിക്ക് പോകുന്ന അമ്മമാർ കുട്ടികളെ ഡേകെയറിൽ ആക്കുന്നത് പതിവായ കാര്യമാണ്. ഡേകെയർ ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഡയറിയിൽ എഴുതി കൊടുക്കാറാണ് പതിവ്. എന്നാൽ ഡയറിയിൽ എഴുതുന്ന കാര്യങ്ങൾ അമ്മമാർ നോക്കാതെ വന്നാൽ എന്ത് ചെയ്യും. അത്തരത്തിൽ ഒരമ്മ ശ്രദ്ധിക്കാതെ വന്നപ്പോൾ ഡേ കെയർ ടീച്ചർ ചെയ്ത പ്രവൃത്തി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
''അമ്മേ എനിക്ക് ഡയപ്പർ ഇല്ല. ദയവായി എന്റെ ഡയറി വായിക്കുക"" എന്നാണ് ടീച്ചർ കുട്ടിയുടെ വയറ്റിൽ മാർക്കർ ഉപയോഗിച്ച് എഴുതിയത്. കുട്ടിയുടെ വയറ്റിൽ എഴുതിയത് കണ്ട് അമ്മ പ്രകോപിതയായാണ് പ്രതികരിച്ചത്. മകന്റെ വയറിന്റെ ചിത്രവും, കുറിപ്പും അമ്മയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ആവശ്യമാണ്. ഇതിനെക്കുറിച്ച് ഞാൻ പ്രകോപിതയാകുന്നത് ശരിയാണോ? അതോ ഞാൻ പ്രതികരിക്കുകയാണോ വേണ്ടത്. എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങളെ ശരിക്കും ആവശ്യമുണ്ട്, കാരണം ഞാൻ നാളെ രാവിലെ ഈ ഡേകെയറിൽ ചെന്ന് കുറച്ച് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു എന്നാണ് അമ്മ ഫേസ്ബുക്കിൽ കുറിച്ചത്. വളരെ വൈകാരികമായാണ് അമ്മ പ്രതികരിച്ചത്. താൻ ഒരു മുഴുവൻ സമയ ജോലിക്കാരിയാണ്. ചെറിയ രണ്ട് കുട്ടികളുമുണ്ട്. എല്ലാ ദിവസവും റിപ്പോർട്ട് വായിക്കാൻ കഴിയുന്നില്ല. എങ്കിൽ എനിക്കെതിരെ ഈ കുറ്റത്തിനു കേസെടുക്കു എന്നാണ് അമ്മ പ്രതികരിച്ചത്.