തൃശൂർ: കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാർത്ഥിനിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഈ വിവരം ശരിവച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് രോഗം ബാധിച്ചത്. നിലവിൽ രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
തൃശൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗിയെ നിരന്തരം നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം രൂപീകൃതമായിട്ടുണ്ട്. വിദ്യാർത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. രോഗിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് വിവരമാണ് നിലവിൽ ലഭിക്കുന്നത്. അതേസമയം കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നിരവധി പേർക്ക് രോഗബാധയില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നിലവിലെ കണക്കനുസരിച്ച് കൊറോണ നോവെൽ വൈറസ് ബാധയെ തുടർന്ന് 170 പേരാണ് ചൈനയിൽ മരണമടഞ്ഞത്. പുതിയ സാഹചര്യത്തെ തുടർന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയാണ് ആരോഗ്യമന്ത്രി. ഇന്ത്യയിൽ ഇതാദ്യമായാണ് കൊറോണ രോഗബാധ സ്ഥിരീകരിക്കുന്നത്.
ചൈനയിലെ ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്നുമാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് യു.എ.ഇയിലും ഫിൻലൻഡിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി മാറുകയായിരുന്നു. വുഹാനിൽ നിന്ന് അബുദാബിയിലെത്തിയ ചൈനീസ് കുടുംബത്തിലെ 4 പേർക്കാണ് യു.എ.ഇയിൽ രോഗബാധ സ്ഥിരീകരിച്ചത്.