-pocso-

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഈ പണം സൂക്ഷിച്ച് പലിശ വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. 75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വച്ച്‌ അദ്ധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ മുന്നിലെത്തിക്കുന്നത്.

ആദ്യം സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടത്തി. പിന്നീട് 2017 മാര്‍ച്ചില്‍ പ്രധാനാദ്ധ്യാപകന്‍ പൊലീസിന് പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. അദ്ധ്യാപകരും സഹപാഠികളും സാക്ഷികളായ കേസില്‍ കടുത്ത ശിക്ഷയാണ് കോടതി വിധിച്ചത്. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്നും അതിനാല്‍ കഠിനമായ ശിക്ഷയിലൂടെ ഇത് തടയണമെന്നും കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി കെ സുഭദ്രാമ്മ വിധിയില്‍ വ്യക്തമാക്കുന്നു.