ചെറുതുരുത്തി: കണ്ണൂർ ജയിലിൽ നിന്നും എറണാകുളത്തെ ജയിലിലേക്ക് മാറ്റുന്നതിനിടെ ട്രെയിനിൽ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ല ഗ്യാങ്ങിന്റെ തലവൻ മാണിക്കിനെ ഒന്നര കിലോമീറ്റർ ഓടിച്ചിട്ട് പിടികൂടി. ഷോർണൂർ നമ്പ്രത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെ തന്നെ പൊലീസ് കണ്ടെന്ന് മനസിലായതോടെ മാണിക് ഒന്നരക്കിലോ മീറ്റർ ഓടിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
പൊലീസിനെയും നാട്ടുകാരെയും 20 മണിക്കൂർ മുൾമുനയിൽ നിർത്തിയശേഷമാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ കയ്യിലെ വിലങ്ങുവീശി പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് സിനിമ സ്റ്റൈലിൽ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഗ്രേഡ് എസ്.ഐമാരായ സൈഹു മുഹമ്മദ്, എ. അജിത് കുമാർ, എ.എസ്.ഐമാരായ ജോസഫ്, ജോഷ്, മോഹൻദാസ്, ജമാലുദീൻ, റെജു, ജോസ്, സിപിഒമാരായ നിഖിൽ കൃഷ്ണൻ, റെനീഷ്, ലാലു, അനിൽ, പ്രഭാത്, സുജീഷ്, സിറാജുദീൻ, മുരുകൻ, ഷെറീഫ്, ചന്ദ്രൻ, സജീർ, ഭാസ്‌കരദാസ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അതേസമയം, പ്രതി വേഗതകുറഞ്ഞ് വരുന്ന ഏതെങ്കിലും ട്രെയിനിൽ കയറി രക്ഷപ്പെട്ടേക്കാമെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മാണിക്കിനെ പിടികൂടുന്നത് പൊലീസിന് ദുഷ്കരമാകുമായിരുന്നു. . ഇത് കണക്കിലെടുത്ത് പൊലീസ് റെയിൽവെ സ്റ്റേഷനിലും തിരച്ചിൽ ശക്തമാക്കിയിരുന്നു. പൊലീസിന്റെ കാര്യക്ഷമമായ പ്രവർത്തന മികവിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കീഴ്പെടുത്താനായത്.
2018 സെപ്റ്റംബർ ആറിനു പുലർച്ചെയാണ് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം ദമ്പതികളെ മർദിച്ചു കെട്ടിയിട്ടു സ്വർണവും പണവും കവർന്നത്. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രൻ (53), ഭാര്യ സരിത (50) എന്നിവർക്കു കവർച്ചയ്ക്കിടയിൽ ഗുരുതര പരുക്കേറ്റിരുന്നു. കവർച്ച നടത്തിയ ദിവസം തന്നെ അക്രമത്തിനു പിന്നിൽ ബംഗ്ലദേശ് അതിർത്തിപ്രദേശത്തുള്ള കൊള്ളസംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. കേസിൽ ഒരു വർഷം മുൻപാണ് മാണിക്ക് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം ഇയാളെ ഡൽഹിവരെ പിന്തുടർന്നാണ് പിടികൂടിയത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊള്ളസംഘമായ 'ബംഗ്ലാ ഗ്യാങ്ങി'ന്റെ തലവൻമാരിൽ ഒരാളാണ് മാണിക്ക് എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
സ്ത്രീയുടെ ഫോൺകോൾ തുണച്ചു
ഇന്നലെ രാവിലെ 10.30ഓടെ പൊലീസിനെ തേടി ഒരു സ്ത്രീയുടെ ഫോൺവിളി എത്തുന്നത്. ഒരു കയ്യിൽ സംശയാസ്പദമായി ബനിയൻ ചുറ്റി ഒരാൾ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതു കണ്ടെന്നായിരുന്നു വിളിയുടെ ഉള്ളടക്കം. വിലങ്ങ് തകർക്കാൻ കഴിയാത്തതിനാൽ അതു മറച്ചുവയ്ക്കാൻ മാണിക്ക് ഒരു കൈ ബനിയൻ കൊണ്ടു മറച്ചതാകാമെന്ന സംശയത്തിൽ പൊലീസ് തിരച്ചിൽ തുടങ്ങി. 11 മണിയോടെ സമീപത്തെ കുറ്റിക്കാട്ടിൽ ആളെ കണ്ടെത്തുകയും ചെയ്തു.