കൊച്ചി: ഹോസ്‌പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ താമര ലീഷർ എക്‌സ്‌പീരിയൻസസ് കേരളത്തിൽ നിക്ഷേപം 300 കോടി രൂപയായി ഉയർത്തുന്നു. ഇൻഫോസിസ് സഹസ്ഥാപകനും സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായിരുന്ന എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലാണ് താമര ലീഷർ എക്‌സ്‌പീരിയൻസസിന്റെ സി.ഇ.ഒ ആൻഡ് ഡയറക്‌ടർ.
ബംഗളൂരു ആസ്ഥാനമായുള്ള ഗ്രൂപ്പിന് നിലവിൽ ദക്ഷിണേന്ത്യയിലും ജർമ്മനിയിലും ഹോട്ടലുകളുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് 'ഒ ബൈ താമര" ബ്രാൻഡിൽ പഞ്ചനക്ഷത്ര ബിസിനസ് - ലീഷർ ഹോട്ടൽ തുറന്നു. തിരുവനന്തപുരം നഗരത്തിൽ ആക്കുളത്ത്, ലുലുമാളിന് സമീപമാണ് ഒ ബൈ താമര. ഡീലക്‌സ്, എലൈറ്റ്, സ്വീറ്ര് ശ്രേണികളിലായി 152 മുറികൾ, മികച്ച രുചികൾ ലഭ്യമാക്കുന്ന എൽ.ബി.വി., ഒ കഫേ റെസ്‌റ്രോറന്റുകൾ, ബോർഡ്, കോൺഫറൻസ് റൂമുകൾ എന്നിങ്ങനെ ഒട്ടേറെ മികവുകളുണ്ട് ഒ ബൈ താമരയ്ക്ക്.
തിരുവനന്തപുരം നഗരത്തിലെ ഏറ്രവും സൗകര്യപ്രദമായ ഹോട്ടലാണ് ഒ ബൈ താമരയെന്ന് ശ്രുതി ഷിബുലാൽ പറഞ്ഞു. പ്രവർത്തനം ആരംഭിച്ച് ഒരുമാസത്തിനകം തന്നെ മികച്ച പ്രതികരണം ഹോട്ടലിന് ലഭിക്കുന്നുണ്ട്. വിമാനത്താവളം, ഐ.ടി പാർക്ക് എന്നിവിടങ്ങളിലേക്ക് അഞ്ചു മിനുട്ടിനകം എത്താമെന്നതും മികവാണ്.
2012ൽ ആരംഭിച്ച താമര കൂർഗ്, 2018ൽ തുറന്ന താമര കൊടൈ (കൊടൈക്കനാൽ), 2014ൽ ബംഗളരുവിൽ ആരംഭിച്ച ലൈലാക് ബിസിനസ് ഹോട്ടൽ, ഇതിനു സമീപം 2019ൽ തുടങ്ങിയ ലൈലാക് മിഡ്-സെഗ്‌മെന്റ് ഹോട്ടൽ, ജർമ്മനിയിലെ മൂന്നു ഹോട്ടലുകൾ എന്നിവയാണ് നിലവിൽ കമ്പനിക്കുള്ളത്. ഹോളിഡേ ഇൻ, കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, പ്രൈസോട്ടൽ എന്നിവയ്ക്കാണ് ജർമ്മനിയിലെ ഹോട്ടലുകളുടെ മാനേജ്‌മെന്റ് ചുമതല.
പുതിയ പദ്ധതികൾ
എസ്.ഡി. ഷിബുലാലിന്റെ നാടായ ആലപ്പുഴ മുഹമ്മയിൽ ആയുർവേദ റിസോർട്ട് വൈകാതെ തുറക്കും. 19 മുറികളുണ്ടാകും. ലൈലാക് ബ്രാൻഡിൽ കണ്ണൂരും ഗുരുവായൂരും തമിഴ്‌നാട്ടിലെ കുംഭകോണത്തും ഹോട്ടൽ ആരംഭിക്കും. പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. രണ്ടരവർഷത്തിനകം പദ്ധതികൾ പൂർത്തിയാക്കും.
നിർദ്ദിഷ്‌ട പദ്ധതികൾ പൂർത്തിയാകുമ്പോൾ കേരളത്തിലെ നിക്ഷേപം 300 കോടി രൂപയായി ഉയരും. ജീവനക്കാരുടെ എണ്ണം 300ഓളം ഉയർന്ന് 540ആകും. നിലവിൽ ജർമ്മനിയിൽ 490, ഇന്ത്യയിൽ 309 എന്നിങ്ങനെ മുറികളാണ് കമ്പനിക്കുള്ളത്. 2025ഓടെ ലക്ഷ്യം 1,000 മുറികളാണെന്നും ശ്രുതി പറഞ്ഞു.
50-80%
താമര ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ 'ഒക്കുപ്പൻസി" നിരക്ക് 50 മുതൽ 80 ശതമാനം വരെയാണ്. ഉപഭോക്താക്കളിൽ 40 ശതമാനം 'റിപ്പീറ്ര് കസ്‌റ്റമേഴ്‌സ്" ആണെന്നത് കമ്പനിയുടെ മികവ്.
''ഇന്ത്യയിൽ നിന്ന് ഹോസ്‌പിറ്രാലിറ്രി രംഗത്ത് വലിയ ബ്രാൻഡ് സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. സമയമെടുക്കുമെങ്കിലും ഈ ലക്ഷ്യം നേടാൻ സാധിക്കും"
ശ്രുതി ഷിബുലാൽ
ബഡ്‌ജറ്രിലെ പ്രതീക്ഷ
ടൂറിസം - ഹോസ്‌പിറ്രാലിറ്രി മേഖലയ്ക്ക് ഉണർവേകാൻ ഇക്കുറി കേന്ദ്ര ബഡ്‌ജറ്രിൽ രണ്ടു കാര്യങ്ങൾക്ക് ഊന്നൽ വേണമെന്നാണ് ആഗ്രഹമെന്ന് ശ്രുതി ഷിബുലാൽ പറഞ്ഞു.
1. ടൂറിസം, സാംസ്‌കാരിക കേന്ദ്രങ്ങൾ തമ്മിലെ കണക്‌ടിവിറ്രി മെച്ചപ്പെടുത്തണം. റോഡ്/വ്യോമയാന കണക്‌ടിവിറ്രി ഉയർത്തേണ്ടത് അത്യാവശ്യമാണ്.
2. ഹോസ്‌പിറ്രാലിറ്രി രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള നടപടി വേണം
'സാതീയ" നൈപുണ്യം
ഹോസ്‌പിറ്രാലിറ്രി രംഗത്ത് മികച്ച തൊഴിൽ നൈപുണ്യമുള്ള യുവാക്കളെ വാർത്തെടുക്കാൻ സാതീയ ഹോസ്‌പിറ്റാലിറ്രി സ്‌കില്ലിംഗ് അക്കാഡമിക്ക് ബംഗളൂരുവിൽ ഷിബുലാൽ കുടുംബം തുടക്കമിട്ടിരുന്നു. ശ്രദ്ധേയമായ പ്ളേസ്‌മെന്റ് നിരക്ക് സാതീയ ഇതിനകം രേഖപ്പെടുത്തി.