caa

ന്യൂ‌ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അജ്ഞാതനായ യുവാവ് വെടിയുതിർത്തു. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സർവകലാശാലയ്ക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൈയ്യിൽ വെടിയേറ്റ വിദ്യാർത്ഥിയെ സമീപത്തുള്ള ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്ക്കുന്നതിനിടെ "ഇന്നാ പിടിച്ചോ സ്വാതന്ത്ര്യം" എന്നു യുവാവ് വിളിച്ച് പറയുന്നുണ്ടായിരുന്നു

ജമ്മു കാശ്മീർ സ്വദേശിയായ ഷാദാബ് നജറിനാണ് പരിക്കേറ്റത്. ജാമിയ മിലിയ സർവകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് ഷാദാബ്. മഹാത്മാഗാന്ധിയുടെ 72-ാം ചരമവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ഗോപാൽ എന്നൊരാളെ സംശയാസ്പദമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അജ്ഞാതൻ വെടിയുതിർക്കുന്നതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ദൃശ്യത്തിൽ കറുത്ത ജാക്കറ്റും വെളുത്ത ട്രൗസറും ധരിച്ച വ്യക്തി കൈയ്യിൽ തോക്കും പിടിച്ച് റോഡിലൂടെ നടക്കുന്നു. തോക്കുയർത്തി അയാൾ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുന്നു. “യെ ലോ ആസാദി… ഹിന്ദുസ്ഥാൻ സിന്ദാബാദ്… ദില്ലി പോലീസ് സിന്ദാബാദ്” എന്ന് പറയുന്നതും വീഡിയോയിൽ കാണാം. ആക്രമണ സമയത്ത് ആയുധധാരികളായ വലിയൊരു സംഘം പൊലീസുകാർ ക്യാമ്പസിന്റെ പരിസരത്ത് ഉണ്ടായിരുന്നെങ്കിലും പ്രതിയെ പിടികൂടാനായില്ല.