kk-shailaja

തിരുവനന്തപുരം: കൊറോണ രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിദ്യാർത്ഥിയെ നേരത്തെ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നുവെന്നും ഐസൊലേറ്റ് ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നും 20 പേരുടെ ശരീര സാംപിളുകൾ അയച്ചത്തിൽ ഒരാളുടേത് മാത്രമാണ് പോസിറ്റീവായി തിരികെ വന്നതെന്നും മന്ത്രി വ്യക്തമാക്കി. അധികം വൈകാതെ തന്നെ ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തൃശൂരിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്.

സംസ്ഥാനത്ത് 806 പേര് നിരീക്ഷണത്തിലാണെന്നും രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ജനങ്ങളിൽ ഭീതി പടർത്താതിരിക്കാൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ പ്രത്യേകം ശ്റദ്ധിക്കണമെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും മന്ത്രി സൂചിപ്പിച്ചു. രോഗത്തെ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. വിഷയത്തിൽ ജാഗ്രത വേണ്ടതാണെന്നും എന്നാൽ ഭീതി പറത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് കേരളത്തിലും കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാർത്ഥിനിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഈ വിവരം ശരിവച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് രോഗം ബാധിച്ചത്. നിലവിൽ രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.