ബീജിംഗ്: ചൈനയുടെ അധീനതയിലുള്ള ടിബറ്റിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിബറ്റിലെ ആദ്യ കൊറോണ കേസ് ആണിതെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, ചൈനയിൽ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം 170 കവിഞ്ഞു. ബുധനാഴ്ച 38 പേർ കൂടി മരണമടഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹൂബേയ് പ്രവിശ്യയിലെ ഷൂയിസു നഗരത്തിൽ നിന്ന് ടിബറ്റിൽ എത്തിയ ഷാങ് എന്ന് വിളിപ്പേരുള്ള 34കാരനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് കൊറോണ വൈറസ് കാരണം ഉണ്ടായ ന്യൂമോണിയ ആണെന്ന് പരിശോധനയിൽ വ്യക്തമായി. ജനുവരി 24ന് ചൈനയിൽ നിന്ന് ട്രെയിനിൽ ടിബറ്റ് തലസ്ഥാനമായ ലാസയിൽ എത്തിയ ഇയാളെ പിറ്റേ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൈനയിലെ മരണത്തിൽ ഏറെയും വുഹാനിലാണ്. ഹൂബേയ് പ്രവിശ്യക്ക് പുറത്തേക്കും വൈറസ് അതിവേഗം പടരുന്നു എന്നാണ് റിപ്പോർട്ട്.
രാജ്യത്താകെ 7,711 കൊറോണ ന്യൂമോണിയ കേസുകൾ സ്ഥിരീകരിച്ചതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. സിൻജിയാങ് പ്രവിശ്യയിലെ 31 കേന്ദ്രങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്‌തു.
രോഗം പടരുന്നത് തടയാൻ ചൈന കിണഞ്ഞ് പരിശ്രമിക്കുകയാണ്. ചൈനീസ് പുതുവർഷ അവധി ഫെബ്രുവരി 2 വരെ നീട്ടി. സർവകലാശാലകളും സ്‌കൂളുകളും കിന്റർഗാർട്ടനുകളും അടച്ചിട്ടിരിക്കയാണ്. രോഗം പകരാതിരിക്കാൻ രാജ്യത്തെങ്ങും ആളുകൾ കൂട്ടം കൂടി നടത്തുന്ന എല്ലാ ചടങ്ങുകളും നിരോധിച്ചു. രാജ്യത്തെ 55 സബ്സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ശരീര താപം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അസാധാരണമായി ഉയർന്ന ശരീരതാപമുള്ളവരെ കൈയോടെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.
ഇന്ത്യൻ വിമാനം വുഹാനിലേക്ക്
ന്യൂഡൽഹി: കൊറോണ വൈറസ് പടർന്ന വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് പുറപ്പെടും. വിദ്യാർത്ഥികൾ തയാറായിരിക്കാൻ നൽകിയ അറിയിപ്പിലാണ് വിമാനം പുറപ്പെടുന്ന വിവരം വ്യക്തമാക്കിയത്.
ചൈനയിലെ മറ്റ് സ്ഥലങ്ങളിൽ കുടങ്ങിയവരെ നാട്ടിലെത്തിക്കാൻ മറ്റൊരു വിമാനം അയയ്‌ക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ചൈനയിലേക്ക് പോകാൻ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ മുംബയ് വിമാനത്താവളത്തിൽ തയ്യാറായി നിൽക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്ന പൈലറ്റുമാരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് പൈലറ്റ്സ് ഗിൽഡ് രംഗത്തെത്തി. ആശങ്ക പരിഹരിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.