corona

തിരുവനന്തപുരം : ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് നിരവധി രാജ്യങ്ങളിലേക്ക് പടരുന്ന കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തൃശൂരിൽ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിക്കാണ് വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വിദ്യാ‌ർത്ഥിനിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മറ്റ് മൂന്നുപേർ കൂടി നിരീക്ഷണത്തിലുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുള്ള വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. വിദ്യാർത്ഥിനിയുടെ രക്തപരിശോധനയുടെ ഒരു ഫലം കൂടി വരാനുണ്ട്.

കേന്ദ്രസർക്കാരാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ അറിയിച്ചു. തുടർന്ന് മന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും യോഗം വിലയിരുത്തി. രാത്രി 11മണിക്ക് തൃശൂർ മെഡിക്കൽ കോളേജിലെത്തിയ ആരോഗ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തി. ചൈനയിൽ നിന്ന് എത്തിയ ശേഷം വിദ്യാർത്ഥിനി വീട്ടിലും പരിസരങ്ങളിലും ഇടപഴകിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവർ നിരീക്ഷണത്തിലായിരിക്കും.

കോറോണ സ്ഥിരീകരിച്ചതിൽ പരിഭ്രാന്തി വേണ്ടെന്നാണ് അധികൃതർ‌ പറയുന്നത്. മാരകമായ നിപ്പ വൈറസിനെയും സർവസംഹാരിയായ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് അവർക്ക്. അതേസമയം,​ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വൈറസ് ബാധ സംശയിക്കുന്നവർ കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ തേടണമെന്നും മന്ത്രി ശൈലജ നിർദ്ദേശിച്ചു.

കേരളത്തിൽ

1053 ‌പേർ നിരീക്ഷണത്തിൽ

15 പേർ ആശുപത്രിയിൽ

1038 പേർ വീടുകളിൽ നിരീക്ഷണത്തിൽ

20 പേരുടെ സാമ്പിളുകൾ പരിശോധിച്ചു

10 പേരുടെ ഫലം നെഗറ്റീവ്

 6 പേരുടെ ഫലം പുറത്തുവിട്ടിട്ടില്ല

 2 പേർക്ക് എച്ച്‍ 1 എൻ 1 സ്ഥിരീകരിച്ചു

നിർദ്ദേശങ്ങൾ

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലടക്കം 12 സ്ഥാപനങ്ങളിൽ സാമ്പിളുകൾ പരിശോധിക്കും.

ചൈനയിൽ നിന്ന് തിരിച്ചെത്തിയവർ 28 ദിവസം വീടിന് പുറത്തിറങ്ങരുത്. വീട്ടിലുള്ളവരുമായും അടുത്ത് ഇടപഴകരുത്.

ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കണം

വൈറൽ പനിയുടെ ലക്ഷണങ്ങൾക്ക് സമാനം

പനി, ചുമ, ശ്വാസതടസം പ്രധാന ലക്ഷണങ്ങൾ.

രോഗിയുടെ സാമ്പിൾ വൈറോളജി ലാബിൽ അയയ്‌ക്കണം.

പ്രായമായവർക്കും ഗർഭിണികൾക്കും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്കും കോറോണ ഗുരുതരമാകാം

വിളിക്കാൻ 1056

ചൈനയിൽ നിന്നെത്തിയവർ ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിൽ വിളിക്കണം.

പരിഭ്രാന്തി വേണ്ട, ജാഗ്രത

വേണം : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭീതിജനകമായ സാഹചര്യമില്ല. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം സജ്ജമാണ്. മുമ്പ് ഇത്തരം അനുഭവം ഉള്ളതിനാൽ എല്ലാ മുൻകരുതലുകളും എടുക്കും. ഒരു കേസ് സ്ഥിരീകരിച്ചതിനാൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒരു പരിശോധന കൂടിയുണ്ട്. അതിന് ശേഷമായിരിക്കും പൂർണ സ്ഥിരീകരണം. ഭീതി പരത്തുന്ന നിലയുണ്ടാകരുത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനാൽ ജാഗ്രത പാലിക്കണം.