ന്യൂഡൽഹി: ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം അരങ്ങേറുന്നത്. എന്നാൽ സ്ഥിരമായി ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ ട്രെയിനിലെ യാത്രക്കാർ തന്നെ രംഗത്തെത്തി. ട്രെയിൻ ഉപരോധിക്കുന്നത് മൂലം ജോലിക്ക് കൃത്യ സമയത്ത് എത്താൻ കഴിയാത്തതാണ് ജോലിക്കാർ പ്രകോപിതരാവാൻ കാരണം.
എല്ലാ ദിവസവും എട്ട് മണിക്ക് ശേഷം അമ്പതോളം പ്രതിഷേധക്കാർ ഡൽഹിയിലെ കാഞ്ചുമാർഗ് റെയിൽവേ സ്റ്റേഷനിലെ പാളം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധം സ്ഥിരമായതോടെ ജോലിക്കാർക്ക് കൃത്യ സമയത്ത് ഒരു ദിവസവും ഓഫീസിൽ എത്തിച്ചേരാൻ സാധിക്കാതെയായി. ഇതു മൂലം പ്രകോപിതരായ ജോലിക്കാർ പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. തുടർന്ന് ജോലിക്കാരും, സമരക്കാരും തമ്മിൽ വാക്കു തർക്കമായി. ഇതോടെ പ്രതിഷേധക്കാർ പ്ലക്കാർഡും പിടിച്ച് റെയിൽ പാളത്തിൽ കുത്തിയിരുപ്പായി.
പ്രതിഷേധം നിർത്താൻ പലരും ആവശ്യപ്പെട്ടു, എന്നാൽ സമരക്കാർ തയ്യാറാലാത്തതിനെ തുടർന്ന് രണ്ട് ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.