കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ച യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സരള പണിക്കർ, പ്രസന്ന ബാഹുലേയൻ, സി.വി. സജിനി, ബിനി സുരേഷ്, ഡോക്ടർ മല്ലിക എന്നിവരെയാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
ശേഷം, ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. 29 ബിജെപി പ്രവർത്തകർക്കെതിരേയാണു കേസ്. സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ എട്ടോളം വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി ഇരുപത്തിയൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
'മാതൃസംഗമം' എന്ന പേരിൽ പൗരത്വ ഭേദഗതിക്ക് അനുകൂലമായി സംഘടിപ്പിച്ച പരിപാടിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ യുവതിക്കെതിരെ ഒരു സംഘം തിരിയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അഞ്ജിത ഉമേഷ് എന്ന് പേരുള്ള ഒരു സ്ത്രീയ്ക്ക് നേരെയാണ് ഈ അതിക്രമം നടന്നത്. ബി.ജെ.പി പ്രവർത്തകയുടെ പരാതിക്ക് പിന്നാലെ ഇവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.