കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷനിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. 3-1ന് ഒഡിഷയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഒഡിഷക്ക് വേണ്ടി ടോപ്പോ ജിവാൻ കിഷോരി, കുജുർ റോജിത, സുരിൻ അഭിനാസി മുക്തി എന്നിവർ ഗോളുകൾ നേടി. കേരളത്തിന്റെ ആശ്വാസ ഗോൾ അർച്ചനയുടെ വകയായിരുന്നു. അടുത്ത മത്സരത്തിൽ ശക്തരായ ഹിമാചലാണ് കേരളത്തിന്റെ എതിരാളികൾ. കഴിഞ്ഞ വർഷം എട്ടാം സ്ഥാനം കൊണ്ട് തൃപ്തരായ കേരളത്തിന് അടുത്ത ജയം അനിവാര്യമാണ്.

തമിഴ്നാടും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ മഹാരാഷ്ട്ര മിന്നുംജയം കരസ്ഥമാക്കി. റീത കുമാറിന്റെ ഹാട്രിക്കും റുതുജ പിസാലിനും ഭാവന ഖാഡെയും നേടിയ ഇരട്ടഗോളുകളുമായി ഒമ്പതു ഗോളുകളാണ് മഹാരാഷ്ട്ര നേടിയത്. തമിഴ്നാടിന് ഒരു ഗോൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഹരിയാന- രാജസ്ഥാൻ മത്സരത്തിൽ 9 -1 ന് രാജസ്ഥാനെ ഹരിയാന തകർത്തു.

പൂൾ മത്സരങ്ങളും ക്വാർട്ടർ ഫൈനലുകളും സെമിമത്സരങ്ങളും ഫൈനലും ഉൾപ്പെടെ ആകെ 44 മത്സരങ്ങളാണ് എ ഡിവിഷൻ ടൂർണമെന്റിലുണ്ടാവുക. ഫെബ്രുവരി 9 നാണ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരാട്ടം.