കൊച്ചി: ജാമിയ മിലിയ സർവകലാശാലയിലെ വെടിവയ്പ്പിനെതിരെ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സർവകലാശാലയിൽ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെയാണ് യുവാവ് വെടിയുതിർത്തത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൈയ്യിൽ വെടിയേറ്റ വിദ്യാർത്ഥിയെ സമീപത്തുള്ള ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെതിരെ വെടിയുതിർത്ത യുവാവിന്റെയും വെടിയേറ്റ ഗാന്ധിയുടെയും ചിത്രങ്ങൾ പങ്കുവച്ച് 'കിറുകൃത്യം' എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ജമ്മു കാശ്മീർ സ്വദേശിയായ ഷാദാബ് നജറിനാണ് പരിക്കേറ്റത്. ജാമിയ മിലിയ സർവകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് ഷാദാബ്. മഹാത്മാഗാന്ധിയുടെ 72-ാം ചരമവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ഗോപാൽ എന്നൊരാളെ സംശയാസ്പദമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ ദേശീയ പൗരത്വ ഭേദഗതി നിയമം രാജ്യസഭ പാസാക്കിയപ്പോൾ അത് കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചത്.