ജില്ലാ മെഡിക്കൽ ഓഫീസിലും കളക്ടറേറ്റിലും കൺട്രോൾ റൂം
തൃശൂർ: കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയെ ആദ്യം പ്രവേശിപ്പിച്ച ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും അതീവ ജാഗ്രത ഏർപ്പെടുത്തി.
ജില്ലാ മെഡിക്കൽ ഓഫീസിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. ജനറൽ ആശുപത്രിയിലെ ജീവനക്കാരോടും രോഗികളോടും സ്വയം സുരക്ഷ പാലിക്കാനും മാസ്‌ക് ധരിക്കാനും കർശന നിർദ്ദേശവും നൽകി.
കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിനി ശക്തമായ തൊണ്ടവേദന കാരണമാണ് ആശുപത്രിയിൽ എത്തിയത്. വൈറസ് ബാധ സംശയിച്ചതിനാൽ ഉടനേ ഐസൊലേഷൻ വാർഡ് ഒരുക്കി. വിദ്യാർത്ഥിനിയുമായി ഇടപഴകിയ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗലക്ഷണങ്ങൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഐസൊലേഷൻ വാർഡ്.
ഡോക്‌ടർമാരെ വിളിക്കാം
ഡോക്ടർമാരെ ബന്ധപ്പെടാനുള്ള നമ്പരുകളും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ഏതു സമയവും ഈ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന അറിയിച്ചു.
ഫോൺ: 0487 2320466 (ഐ.ഡി.എസ്.പി.)
9895558784 (ഡോ. സുമേഷ് )
9961488260 (ഡോ. കാവ്യ)
94963311645 (ഡോ. പ്രശാന്ത് )
9349171522 (ഡോ. രതി ).
കളക്ടറേറ്റിലെ കൺട്രോൾ റൂം: 0487 2362424, 9447074424, 1077
ശുചിത്വം പ്രധാനം
കൊറോണ വൈറസ് സ്ഥരീകരിച്ചസാഹചര്യത്തിൽ പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുമ്പോഴും പകരുന്ന രോഗം ന്യൂമോണിയ ആയി മാറാനും മരണകാരണമാവാനും സാദ്ധ്യതയുണ്ട്. രോഗം പകരാതിരിക്കാൻ ശുചിത്വത്തോടെയും ആരോഗ്യത്തോടെയും കഴിയണം.