ന്യൂഡൽഹി: ചൈനയിൽ പിറന്ന്, ആഗോളതലത്തിൽ പടരുന്ന കൊറോണ വൈറസ് ഇന്ത്യൻ ബിസിനസ് മേഖലയിലും ഭീതി വിതയ്ക്കുന്നു. മൊബൈൽ ഫോണുകൾ, ടിവി, ഇലക്‌ട്രിക് വാഹനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തെയും വില്പനയെയും കൊറോണ തളർത്തുമെന്നാണ് വിലയിരുത്തൽ.
ഒട്ടുമിക്ക മൊബൈൽഫോൺ കമ്പനികളും ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് നിർമ്മാണശാലകൾ മാറ്രിയെങ്കിലും ഇപ്പോഴും മുന്തിയപങ്കും നിർമ്മാണ ഘടകങ്ങൾ ചൈനയിൽ നിന്നാണെത്തുന്നത്. ടിവി, ഇലക്‌ട്രിക് വാഹന നിർമ്മാണത്തിനും ഇന്ത്യ വൻതോതിൽ ചൈനീസ് അസംസ്കൃത വസ്‌തുക്കളെ ആശ്രയിക്കുന്നുണ്ട്.
ഫോക‌്‌സ്‌കോൺ, സ്‌കൈവർത്ത് എന്നിവയാണ് പ്രധാനമായും ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ കരാർ നേടിയിരിക്കുന്നത്. നിർമ്മാണ ഘടകങ്ങളുടെ ക്ഷാമം ഇവയുടെ പ്രവർത്തനത്തെയും ബാധിക്കും. അടുത്തമാസം അഞ്ചു മുതൽ 12 വരെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഇന്ത്യാ ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കാനും അതുവഴി ഇന്ത്യൻ വാഹന വിപണിയിൽ ചുവടുവയ്‌ക്കാനും ഒട്ടേറെ ചൈനീസ് കമ്പനികൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇവയുടെ പങ്കാളിത്തത്തിനുമേലും കൊറോണയുടെ നിഴൽ വീണിട്ടുണ്ട്.
കടപൂട്ടി കമ്പനികൾ!
മൈക്രോസോഫ്‌റ്ര്, ആമസോൺ, ഗൂഗിൾ എന്നിവ ചൈന, ഹോങ്കോംഗ്, തായ്‌വാൻ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതിയെന്നാണ് നിർദേശം. ചൈനയിലേക്ക് പോകരുതെന്ന് ജീവനക്കാരോട് ഫേസ്‌ബുക്കും നിർദേശിച്ചു.
കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സ്, ടൊയോട്ട എന്നിവ ചൈനയിലെ പ്ളാന്റ് പൂട്ടി. ഫ്രഞ്ച് കമ്പനിയായ പി.എസ്.എ., ജാപ്പനീസ് കമ്പനികളായ ഹോണ്ട, നിസാൻ എന്നിവ ജീവനക്കാരെ ചൈനയിൽ നിന്ന് ഒഴിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.