corona-

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച എത്തിച്ചേക്കും. ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച സന്ദേശം വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും നാളെ പുറപ്പെടുമെന്നും അധികൃതർ പറയുന്നു .

ആദ്യ വിമാനത്തിൽ വുഹാനിലും സമീപത്തുമുള്ള ഇന്ത്യാക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. പിന്നീട് ഹുബൈ പ്രവിശ്യയിലെ ഇന്ത്യക്കാരെയും എത്തിക്കും. എല്ലാവരും തയ്യാറായി ഇരിക്കണമെന്നും സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് പുറപ്പെടാൻ സന്നദ്ധത അറിയിച്ചവരെയാണ് ആദ്യം തിരിച്ചെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും സന്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയും കേന്ദ്രസർക്കാരും ചർച്ച നടത്തി. ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയിൽനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്.