pm-modi-

ഡൽഹി: ഡൽഹി നിയമസഭാ തിര‌ഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തോടടുക്കവെ പ്രചാരണ രംഗത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. ‌ബി.ജെ..പിയെ ഡൽഹിയിൽ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രണ്ട് ദിവസങ്ങളിലായി മോദി പ്രചാരണത്തിനെത്തും. കേന്ദ്ര മന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം അറിയിച്ചത്.

സി.ബി.ഡി ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ശേഷം 2.30നാണ് മോദിയുടെ ആദ്യ പൊതുയോഗം. ഫെബ്രുവരി നാലിന് രാംലീല മൈതാനത്താണ് രണ്ടാമത്തെ യോഗം. അ‌ഞ്ചിന് വൈകിട്ട് അഞ്ചിനാണ് പരസ്യ പ്രചാരണം അവസാനിക്കുക. എട്ടിനാണ് വോട്ടെടുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രചാരണ യോഗങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹിയിൽ വർഗീയ പരാമർശങ്ങളും പ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, എം.പി പർവേശ് ശർമ്മ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.ഇരുനേതാക്കളെയും താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണവിലക്കും ഏർപ്പെടുത്തിയത്.