കൊച്ചി: ഇന്ത്യയിലെ സ്വർണ ഡിമാൻഡ് കഴിഞ്ഞവർഷം ഒമ്പത് ശതമാനം കുറഞ്ഞ് 690.4 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. റെക്കാഡ് വിലക്കയറ്റമാണ് തിരിച്ചടിയായത്. ചൈനയ്ക്ക് പിന്നിലായി, ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. 2020ൽ ഇന്ത്യൻ ഡിമാൻഡ് 700-800 ടണ്ണായി ഉയർന്നേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉപഭോക്തൃ ആത്‌മവിശ്വാസത്തിൽ ഉണ്ടാവുന്ന ഉണർവുമാണ് കരുത്താവുക. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ സ്വർണവില 2019ൽ 24 ശതമാനം കുതിപ്പോടെ, 39,000 രൂപ കടന്നിരുന്നു. കേരളത്തിൽ പവൻ വില ആദ്യമായി 30,000 രൂപയും മറികടന്നു. 2018ൽ ഇന്ത്യക്കാർ 760.4 ടൺ സ്വർണം വാങ്ങിയിരുന്നു. സ്വർണാഭരണ ഡിമാൻഡ് കഴിഞ്ഞവർഷം 598 ടണ്ണിൽ നിന്ന് 544.6 ടണ്ണിലേക്ക് താഴ്‌ന്നു. അതേസമയം, കഴിഞ്ഞവർഷം സ്വർണ വില്പനമൂല്യം 2.17 ലക്ഷം കോടി രൂപയായി ഉയർന്നു. 2018ൽ മൂല്യം 2.11 ലക്ഷം കോടി രൂപയായിരുന്നു.
നിയമാനുസൃതമായ സ്വർണം ഇറക്കുമതി കഴിഞ്ഞവർഷം 755.7 ടണ്ണിൽ നിന്ന് 646.8 ടണ്ണായി താഴ്‌ന്നു. കേന്ദ്രസർക്കാർ കഴിഞ്ഞ ബഡ്‌ജറ്റിൽ ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കിയതും റെക്കാഡ് വിലവർദ്ധനയുമാണ് തിരിച്ചടിയായത്.