കൊച്ചി : പൊതുസ്ഥലത്തെ അനധികൃത ബോർഡുകളും കൊടി തോരണങ്ങളും 15 ദിവസത്തിനുള്ളിൽ മാറ്റാൻ നിർദ്ദേശിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപിച്ച വ്യക്തികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഇൗ നിർദ്ദേശം. തോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത് കൈയേറ്റമാണെന്ന് വിലയിരുത്തി നടപടിയെടുക്കാൻ കഴിയും. ഒരുലക്ഷം രൂപ വരെ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഭൂസംരക്ഷണ നിയമം, പൊലീസ് ആക്ട്, കേരള മുനിസിപ്പാലിറ്റി - പഞ്ചായത്തിരാജ് നിയമങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമം, ഹൈവേ സംരക്ഷണ നിയമം, തുടങ്ങിയവപ്രകാരം നടപടിയെടുക്കാം. അനധികൃത ബോർഡും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു സർക്കുലർ ഇറക്കണമെന്ന് ജനുവരി 15 ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസിന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയത്തിൽ സർക്കുലർ ഇറക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഭൂ സംരക്ഷണ നിയമമനുസരിച്ച് അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നത് കൈയേറ്റമാണെന്ന് വിലയിരുത്തി നടപടിയെടുക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറിയുടെ സഹായത്തോടെ കൂടുതൽ വിശദീകരണവും കോടതി നൽകി. ഉത്തരവുകൾ നടപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചയെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു.
വിമർശനങ്ങൾ
അനധികൃത ബോർഡും ബാനറും പാടില്ലെന്ന ഉത്തരവ് 99 ശതമാനവും പാലിക്കാത്തത് രാഷ്ട്രീയ പാർട്ടികളാണ്. ഭരിക്കുന്ന പാർട്ടിയടക്കം നിയമ ലംഘനം നടത്തുന്നു. ഗാന്ധിജിയുടെ പ്രതിമയെപ്പോലും വെറുതേ വിടുന്നില്ല, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ ഇതു പറയേണ്ടി വരുന്നത് ഖേദകരമാണ്. ഇതുപോലെ അനധികൃത ബോർഡുകളും ബാനറുകളും നിറഞ്ഞ പൊതു സ്ഥലങ്ങൾ ലോകത്തൊരിടത്തുമില്ല. ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ഇവ പിൻവലിക്കേണ്ടി വരുമോയെന്ന് കോടതിക്ക് ആശങ്കയുണ്ട്. കൊടി തോരണങ്ങളും ബോർഡുകളും നിമിത്തം ഒരു നടപ്പാതയും സുരക്ഷിതമല്ല. ചെന്നൈയിൽ പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് പാഠം പഠിച്ചില്ല. കേസ് തുടങ്ങി ഒന്നര വർഷം കഴിഞ്ഞാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് റോഡ് സുരക്ഷാ കമ്മിഷണറാണെന്ന് സർക്കാർ പറയുന്നത്. കേസ് നടപടികളെ ഒന്നര വർഷം പിന്നോട്ട് കൊണ്ടുപോകുന്ന നടപടിയാണിത്.