ictt
വല്ലാർപാടം ഡി.പി. വേൾഡ് അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിൽ (ഐ.സി.ടി.ടി) നിന്ന് ബംഗളൂരുവിലേക്ക് കോൺകോറിന്റെ പ്രതിവാര ട്രെയിൻ സർവീസിന് തുടക്കമായപ്പോൾ.

കൊച്ചി: ഡി.പി. വേൾഡിന്റെ, വല്ലാർപാടത്തെ അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിൽ (ഐ.സി.ടി.ടി) വീണ്ടും സജീവ ചരക്ക് ട്രെയിൻ ഗതാഗതത്തിന്റെ ചൂളംവിളി. ടെർമിനലിൽ നിന്ന് ബംഗളൂരുവിലേക്കുള്ള പ്രതിവാര ട്രെയിൻ സർവീസിന് കഴിഞ്ഞദിവസം തുടക്കമായി. കൊച്ചിക്കും വൈറ്ര്‌ഫീൽഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയ്ക്കും ഇടയിലായി കോൺകോർ ആണ് സർവീസ് നടത്തുന്നത്. പുതിയ സർവീസിലൂടെ ചെലവിലും സമയത്തിലും 40 ശതമാനം വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

കൊളംബോ തുറമുഖത്തെ ആശ്രയിക്കാതെ, കൊച്ചി മുഖേന യൂറോപ്പ്, മെഡിറ്രറേനിയൻ, മിഡിൽ ഈസ്‌റ്ര് എന്നിവിടങ്ങളിലേക്ക് കയറ്റുമതി എളുപ്പത്തിൽ സാദ്ധ്യമാക്കാനും റെയിൽ സർവീസ് സഹായിക്കും. സഞ്ചാരസമയത്തിൽ ആറുദിവസത്തെ വരെ കുറവ് ഇതുവഴി നേടാമെന്ന് ഡി.പി. വേൾഡ് സി.ഇ.ഒ പ്രവീൺ തോമസ് പറഞ്ഞു.