priyanka-gandhi

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമമ്പാടും പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യു.പിയിൽ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് രംഗത്ത്. പ്രതിഷേധങ്ങളൾ ഉയരുന്ന യു.പിയിൽ കോൺഗ്രസിന്റെ നേതൃത്വം വഹിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. കോൺഗ്രസിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് പ്രിയങ്കയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളും പാർട്ടി പയറ്റുന്നുണ്ട്.

പ്രിയങ്ക ഇടപെടുന്ന മിക്ക കാര്യങ്ങളും കോൺഗ്രസ് വിജയിക്കുന്നുമുണ്ട്. ഇതിന്റെ ആദ്യ പടിയായി യു.പിയിൽ കഴിഞ്ഞ ദിവസം ആയിരത്തിലധികം ബി.എസ്‌.പി നേതാക്കൾ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കൂടുതൽ നേതാക്കൾ ബി.എസ്.പിയിൽ നിന്ന് ഇനിയും എത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം നിരവധി ബി.എസ്‌.പി നേതാക്കൾ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലേക്കും നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ എത്തിന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു കൊണ്ടുള്ള കോൺഗ്രസിന്റെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. മാത്രമല്ല മത്സരിക്കാൻ സീറ്റിന് ബി.എസ്‌.പി അദ്ധ്യക്ഷ മായാവതി പണം വാങ്ങുന്നുണ്ടെന്ന് ആരോപിച്ച് ഡിസംബറിൽ ദിലീപ് ബി.എസ്‌.പിയിൽ നിന്ന് രാജിവച്ചിരുന്നു. ബി.എസ്.പിയിൽ നിന്ന് വലിയ ഒഴുക്കാണ് കോൺഗ്രസിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലും യു.പിയിൽ കോൺഗ്രസാണ് നേതൃത്വം നൽകുന്നത്. അതേസമയം പ്രതിഷേധങ്ങളിൾ ബി.എസ്‌.പിയും എസ്‌.പിയും സജീവമായിരുന്നില്ല. ദളിത്, മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഇരുപാർട്ടിയുടെയും പിൻമാറ്റം കനത്ത നിരാശയ്ക്ക് കാരണമായിട്ടുണ്ട്. ഈ സഹചര്യത്തിൽ ജനങ്ങളോടൊപ്പം ഒരുമിച്ച് നിന്ന് പോരാടാനാണ് കോൺഗ്രസിന്റെ തീരുമാനം.