ഫറുക്കാബാദ്: ഉത്തർപ്രദേശിലെ ഫറുക്കാബാദിൽ15 കുട്ടികളെ ബന്ദികളാക്കി. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് ഒരു വീട്ടിനുള്ളിൽ കുട്ടികളടക്കമുള്ളവരെ ബന്ദിയാക്കിയത്. ഇയാളുടെ പക്കൽ നാടൻ ബോംബും തോക്കും അടക്കമുള്ളവ ഉണ്ടെന്നാണ് സൂചന.
കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. കുട്ടികളെ മോചിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. ഇതോടെ പൊലീസ് തത്കാലം പിൻവാങ്ങുകയായിരുന്നു.
മകളുടെ ജന്മദിനമാണെന്നാണ് പറഞ്ഞാണ് സുഭാഷ് ഗ്രാമത്തിലെ മറ്റുള്ള കുട്ടികളെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചുവരാതിരുന്നതോടെ മാതാപിതാക്കൾഅന്വേഷിച്ചെത്തി. ഇതോടെയാണ് സുഭാഷ് കുട്ടികളെ വീട്ടിനുള്ളില്‍ ബന്ദികളാക്കിയിരിക്കുകയാണെന്നറിഞ്ഞത്.
വിവരമറിഞ്ഞ് വൻപൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകളായി തടവില്‍ കഴിയുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.