tm-krishna-

ചെന്നൈ: ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും വിമർശകനും സംഗീതജ്ഞനുമായ ടി.എം.കൃഷ്ണയുടെ പുസ്തകപ്രകാശനത്തിന് വേദി അനുവദിച്ചത് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷൻ റദ്ദാക്കി. ടി.എം.കൃഷ്ണയുടെ 'സെബാസ്റ്റ്യൻ ആൻഡ് സൺസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് കലാക്ഷേത്രയിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷൻ. സർക്കാർ സ്ഥാപനമെന്ന നിലയിൽ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായി സൗഹാർദ്ദം തകർക്കാൻ സാദ്ധ്യതയുള്ള പരിപാടികൾ കലാക്ഷേത്ര ഫൗണ്ടേഷനിൽ വച്ച് നടത്താനാവില്ലെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രേവതി രാമചന്ദ്രൻ പുസ്തകത്തിന്റെ പ്രസാധകർക്ക് അയച്ച കത്തിൽ പറയുന്നു.

രാഷ്ട്രീയപരമായും വിവാദങ്ങളുണ്ടാക്കുന്നതുമായ ചില കാര്യങ്ങൾ പുസ്തകത്തിലുണ്ടെന്നും കത്തിലുണ്ട്. ഓഡിറ്റോറിയം പുസ്തക പ്രകാശനത്തിന് നൽകുമ്പോൾ ഇക്കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കത്തിൽ പറയുന്നു.

അതേസമയം കലാക്ഷേത്രയുടെ തീരുമാനത്തിൽ സങ്കടവും അദ്ഭുതവും തോന്നുന്നുവെന്ന് ടി എം കൃഷ്ണ പ്രതികരിച്ചു.

മൃദംഗത്തിന്‍റെ സൃഷ്ടാക്കളുടെ തലമുറയെ കുറിച്ചുള്ളതാണ് പുസ്തകം. എങ്ങനെയാണ് അത് വിവാദമാകുന്നതെന്നും ടി എം കൃഷ്ണ ചോദിച്ചു.

പൗരത്വ നിയമ ഭേതഗതിക്കെതിരെ ശബ്‍ദമുയർത്താത്ത കലാകാരൻമാർ ഭീരുക്കളാണെന്ന് സംഗീതജ്ഞൻ ടി എം കൃഷ്ണ മുൻപ് പറഞ്ഞിരുന്നു.