hostage

ലക്നൗ: ഉത്തർപ്രദേശിലെ ഫറൂക്കാബാദ് ജില്ലയിലെ മൊഹമ്മദാബാദ് ഗ്രാമത്തിൽ 20 കുട്ടികളെ കൊലക്കേസ് പ്രതി ബന്ദികളാക്കി. കുട്ടികൾക്കു പുറമേ സ്ത്രീകളും ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം.തന്റെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേന ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരമായിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് ചില മാതാപിതാക്കൾ വന്ന് വാതിലിൽ മുട്ടിയപ്പോൾ ഇയാൾ അവർക്കു നേരെ വെടിയുതിർത്തു.വിവരമറിയിച്ചതോടെ സ്ഥലത്തേത്തിയ പൊലീസിന് നേരെയും ഇയാൾ ടെറസിൽ നിന്ന് വെടിയുതിർക്കുകയും നാടൻ ബോംബ് പ്രയോഗിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ ഇയാളെ അനുനയിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ രാത്രി വൈകിയും ശ്രമം തുടർന്നിരുന്നു.ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും കാൻപൂർ മേഖലാ ഐ.ജി ഒ.പി.സിംഗിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിരുന്നു. കുട്ടികൾക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.