corona

തൃശൂർ: കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്താനും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ അർദ്ധരാത്രി വരെ നീണ്ട യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം മെഡിയ്ക്കൽ ബോർഡ് കൈകൊണ്ടത്.

മെഡിക്കൽ കോളേജിലാണ് ചികിത്സയ്ക്ക് അനുകൂലമായ സാഹചര്യം ഏറ്റവും അനുയോജ്യമായുള്ളത് എന്ന് കണ്ടുകൊണ്ടാണ് മെഡിക്കൽ ബോർഡ് ഈ തീരുമാനമെടുത്തത്. കൊറോണ രോഗബാധയുടെ പശ്ചാത്തലാത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ രീതിയിലുള്ള ഐസൊലേഷൻ വാർഡാണ്‌ തൃശൂർ മെഡിക്കൽ കോളേജിൽ ഇതിനായി ഒരുങ്ങിയത്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരുള്ള ഐസൊലേഷൻ വാർഡിൽ ആവശ്യമായ എല്ലാ മരുന്നുകളും ഒരുക്കിയിട്ടുണ്ട്.

20 മുറികൾ ഉൾപ്പെടുത്തി തയാറാക്കിയ ഐസൊലേഷൻ വാർഡിൽ ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സൗകര്യവുമുണ്ട്. കൊറോണ ബാധ സംശയിക്കുന്ന ഒൻപത് പേർ തൃശൂരിൽ ഇപ്പോൾ നിരീക്ഷണത്തിലാണ്. നിലവിൽ വീടുകളിലും ആശുപത്രികളിമയി സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പൂണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.