air-india

ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കാൻ തയ്യാറായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം. ഈ വിമാനം മുംബയിൽ നിന്നും ഡൽഹിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനം കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലേക്ക് പുറപ്പെടുക. ഇതിനായുള്ള വിമാന ക്രൂവും സജ്ജമായിക്കഴിഞ്ഞു. 16 എയർ ഇന്ത്യ ജീവനക്കാരുമായാണ് വിമാനം ചൈനയിലേക്ക് പുറപ്പെടുക.

വിദ്യാർത്ഥികൾ അടക്കമുള്ള 600 ഇന്ത്യക്കാരാണ് ചൈനയിലെ ബീജിംഗിലുള്ള ഇന്ത്യയുടെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടതെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവായ രവീഷ് കുമാർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചൈനയിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ആവശ്യവുമായി നിരവധി പേർ വീഡിയോ ദൃശ്യം ഉപയോഗിച്ചും മറ്റും സോഷ്യൽ മീഡിയ വഴി അപേക്ഷകളുമായും രംഗത്തെത്തിയിരുന്നു.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചൈനയിലെ ഹുബെയിലും വുഹാനിലും വിമാനമിറങ്ങാൻ അനുമതി തേയിടിയിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടൻ ഇത് സംബന്ധിച്ചുള്ള നടപടി ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 1200ഓളം ഇന്ത്യക്കാരാണ് നിലവിൽ ചൈനയിൽ ഉള്ളതെന്നാണ് കണക്ക്. ഇവരിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ളവർക്ക് പേര് നൽകാവുന്നതാണെന്നും ആരെയും നിർബന്ധപൂർവ്വം ഇന്ത്യയിലേക്ക് കൊണ്ടുവരികയില്ലെന്നും നയതന്ത്ര കാര്യാലയം പറയുന്നു.

ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകുന്നതിന് ഇന്ത്യൻ നയതന്ത്ര കാര്യാലയം 24 മണിക്കൂറും പ്രവർത്തിക്കും. ഇതിനിടെ ചൈനയിൽ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയ വിദേശികളെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിച്ചിട്ടുണ്ട്.