തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ നടന്നുവരുന്നത്. കോട്ടൺഹിൽ എൽപി സ്കൂളിലെ കുട്ടികൾ 2019-20 അക്കാദമിക് വർഷം ഇംഗ്ലീഷ് ശാക്തീകരണ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ചുവട് പിടിച്ച് കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ ക്ലാസ് തലത്തിൽ തന്നെ രൂപീകരിച്ച് ഭാഷ വിനിമയത്തിനുള്ള വ്യത്യസ്ത അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ. ഒരു വർഷത്തെ ഇംഗ്ലീഷ് പ്രവർത്തനങ്ങളുടെ പ്രതിഫലനമായി 'ഇംഗ്ലീഷ് പഠനോത്സവം' തന്നെയാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഐഎഎസ് ആണ് 'ഇംഗ്ലീഷ് ഫെസ്റ്റ് ' ഉദ്ഘാടനം ചെയ്യാനെത്തിയത്. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യവും അനന്തസാധ്യതകളും കുട്ടികൾക്കിടയിലേക്ക് ഇറങ്ങി അദ്ദേഹം വിശദീകരിച്ചു. 25 ഇനങ്ങളിലായി 350 കുട്ടികളാണ് വേദിയിൽ മികവ് പ്രദർശിപ്പിച്ചത്. കുട്ടികൾ തന്നെ നേതൃത്വം നൽകിയ ഉദ്ഘാടന സംഗമത്തിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ ബുക്ക് ഓഫ് റെക്കോർഡിന്റെ ഇന്ത്യയിലെ ഏറ്റവും ചെറിയ ബലൂൺ ആർട്ടിസ്റ്റായ ഒന്നാം ക്ലാസുകാരി ജ്വാല ക്കുള്ള ഉപഹാര സമർപ്പണം നടത്തി.
ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി സ്കൂൾ നടത്തുന്ന മികച്ച പരിശീലന പദ്ധതികൾ ഹെഡ്മാസ്റ്റർ കെ.ബുഹാരി വിശദീകരിച്ചു. ബുക്ക് ഓഫ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ ഡോ. ഷാഹുൽ ഹമീദ്, കോട്ടൺഹിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പ്രീത.കെ.എൽ, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഷൈലജ ഭായി, പ്രിൻസിപ്പൽ യമുനാ ദേവി. ടി.എസ്, പി.ടി.എ പ്രസിഡന്റ് എസ്.എസ് അനോജ്, എം.ടി.എ പ്രസിഡന്റ് അനില ബിനോജ്, എസ്.ആർ.ജി കൺവീനർ ടി.എ.ജേക്കബ് എന്നിവർ ആശംസയറിയിച്ചു. മൂന്നാം ക്ലാസുകാരി ശിവങ്കരി. പി. തങ്കച്ചി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ലീഡർ ഉമ. എസ്. സ്വാഗതവും ഡെപ്യൂട്ടി ലീഡർ ദയ വി.പി നന്ദിയും പറഞ്ഞു.