പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വലിയ മനുഷ്യ ശൃംഖലയൊക്കെ തീർത്ത് പ്രതിഷേധം പൊടിപൊടിക്കുന്നതിനിടെ ശൃംഖല കണ്ണികൾ പൊട്ടിക്കാൻ ഇടയിൽ നുഴഞ്ഞു കയറിയെന്ന തെറ്റിദ്ധാരണയിൽ യുവാക്കൾക്ക് മർദനം. മനുഷ്യമഹാശൃംഖലയല്ലേ ഇടയ്ക്ക് നുഴഞ്ഞ് കയറാനും അലമ്പുണ്ടാക്കാനും ഒന്നും വലിയ പ്രയാസം കാണില്ലല്ലോ. അണിനിരന്നിരിക്കുന്നതാണെങ്കിൽ ലക്ഷങ്ങളും. അപ്പോൾ സ്വാഭാവികമായും ആരും ഏൽപിച്ചില്ലെങ്കിൽ പോലും കുട്ടി സഖാക്കൻമാർക്കും വെളിച്ചപ്പാടായി വാളെടുക്കാമല്ലോ. ചെങ്കൊടി തണലിൽ ഇങ്ങനെ ചങ്ങലക്കണ്ണിയൊക്കെ രൂപപെട്ടു വരുന്നതിനിടയിൽ കാവി കണ്ടാൽ സഖാക്കൻമാർ വിട്ടുകൊടുക്കുമോ. അതും വിപ്ലവത്തിന്റെ രക്തം കുറെ ഒഴുക്കിയ ആലപ്പുഴയിൽ.
ആലപ്പുഴ ഹരിപ്പാടാണ് കാവിമുണ്ടുടുത്ത കുറച്ചുചെറുപ്പക്കാർ മനുഷ്യമഹാശൃംഖലയ്ക്ക് അണിനിരക്കാനെത്തിയത്. പ്രതിഷേധക്കാരെ വേഷം നോക്കി തിരിച്ചറിയാമെന്ന് മോദി പറഞ്ഞപ്പോൾ കൈയ്യും, നഖവും ഉപയോഗിച്ച് എതിർത്ത പാർട്ടിയുടെ നിലപാട് കുട്ടിസഖാക്കന്മാർ അറിയാത്തത്ത് കൊണ്ടാവും, കാവിമുണ്ടുടുത്ത ചെറുപ്പക്കാരെ കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ പരിപാടി പൊളിക്കാനെത്തിയ ശത്രുക്കളാണെന്ന് സഖാക്കൾ അവരെ മുദ്രകുത്തിയത്.
കാവിമുണ്ടുകാരെ പ്രദേശത്തെങ്ങും കണ്ടു പരിചയമില്ല. പാർട്ടി മീറ്റിംഗിലോ, പ്രകടനങ്ങളിലോ ഏഴയൽപക്കത്ത് വച്ച് പോലും കണ്ടതായി ഓർമ്മിക്കുന്നുമില്ല. ശൃംഖലശക്തി പ്രാപിക്കുന്നതിനിടയിൽ ആശങ്കയിലായ സഖാക്കൾ കാവിക്കാരെ വിളിച്ച് കുശലാന്വേഷണം നടത്തി. പേരും, വീടും, നാളുമൊക്കെ അന്വേഷിച്ചിട്ടും സംശയം തീരാത്ത സഖാക്കളുടെ ഉള്ളിലെ വിപ്ളവവീര്യത്തെ പുറത്തെടുപ്പിക്കുന്നതായിരുന്നു കാവിക്കാരുടെയും മറുപടി. "നിങ്ങൾ നിങ്ങളുടെ പാട്ടിനു പോ..." എന്ന മട്ടിലെ കാവിക്കാരുടെ പെരുമാറ്റം സഖാക്കന്മാരെ തെല്ല് പ്രകോപിതരാക്കി.
"സദ്യ കഴിഞ്ഞ് കുറിയും കാണിച്ചേ നിന്നെ ഞാൻ വിടുകയുള്ളു" എന്ന നിലപാടിലായി സഖാക്കൾ. ഏതു ഘടകത്തിൽ നിന്ന്? പാർട്ടി പ്രവർത്തകരാണെന്നതിനു തെളിവ് ? തുടങ്ങി പാർട്ടി വിപ്ലവഗാനങ്ങൾ പാടികേൾപ്പിച്ചിട്ട് നീയൊക്കെ ചെങ്കൊടി പിടിച്ചാൽ മതിയെന്നായി. കാവിയുടുത്തവരാണെങ്കിലും ഞങ്ങളും കറതീർന്ന സഖാക്കന്മാർ തന്നെയാണെന്നു മറുപടി കാര്യങ്ങളെ കയ്യാങ്കളിയിലെത്തിച്ചു
തർക്കം, ഉന്ത്, തള്ള്, പിടിവലി ആകെക്കൂടെ ബഹളമായി ചങ്ങലപൊട്ടുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇതിനിടയിൽ കാവിയുടുത്ത സഖാക്കന്മാർ ആരെയോ ഫോണിൽ വിളിച്ചു. ഞങ്ങളെ ഹരിപ്പാട്ടേക്ക് അയച്ചത് തല്ലുകൊള്ളിക്കാനാണോ സഖാവേ? എന്തായാലും കാര്യങ്ങൾ കുട്ടിസഖാക്കന്മാരുടെ കയ്യിൽ നിൽക്കില്ല എന്നുറപ്പായി. മേൽഘടകത്തെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാമെന്നായി. കാര്യങ്ങൾ പതിയെ വ്യക്തമായി വരികയാണ്. കിഴക്കുള്ള സഖാവ് കുറച്ച് കുട്ടികളെ ആലപ്പുഴയിലേക്ക് അയച്ചതാണ്. കാവിയുടുത്തവരാണെങ്കിലും അവർ നമ്മുടെ തന്നെ കുട്ടികളാണ് സഖാക്കളെ എന്ന് നേതാവ് പറഞ്ഞപ്പോഴാണ് ഒരു വിധം ആശ്വാസമായത്.
എന്നാലും പാർട്ടിക്കുള്ളിലെ പ്രശ്നമല്ലേ അന്വേഷിക്കാതെ വിടാൻ ആവില്ലല്ലോ. ഒരു പഞ്ചായത്ത് പ്രസിഡന്റിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി വിവരങ്ങൾ ശേഖരിച്ചു. ഉടുത്തത് കാവിയാണെങ്കിലും ഉള്ള് ചുവന്ന് തുടുത്തിട്ടാണെന്ന് മുദ്രാവാക്യം വിളിച്ച് തന്നെ സഖാക്കൾ തെളിയിച്ചു. പരസ്പരം തോളോട് തോള് ചേർന്ന് നിന്ന് വിപ്ളവ ഗാനങ്ങളും, മുദ്രാവാക്യങ്ങളും വിളിച്ചാണ് സഖാക്കൾ പിരിഞ്ഞത്.