yogi

കാൺപൂർ: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കുട്ടികളെ ബന്ദികളാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. അക്രമിയെ നേരത്തെ പൊലീസുകാർ വെടിവച്ച് കൊല്ലുകയും ഇയാളുടെ തടവിലായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നാട്ടുകാർ ഇയാളുടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയത്. നാട്ടുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇവർ മരണപെട്ടതായി കാൺപൂർ ഐ.ജി മോഹിത് അഗർവാൾ അറിയിക്കുകയായിരുന്നു.

സുഭാഷ് ബദാം എന്നയാളാണ് ഇരുപതോളം വരുന്ന കുട്ടികളെ തന്റെ വീടിനുള്ളിൽ ബന്ദികളാക്കിയത്. ഇക്കൂട്ടത്തിൽ ഇയാളുടെ ഭാര്യയും ഒരു വയസ് മാത്രം പ്രായമുള്ള മകളും കൂടി ബന്ദികളാക്കപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിയായ സുഭാഷ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു ഇങ്ങനെയൊരു കൃത്യം നടത്തിയത്. മകളുടെ ജന്മദിനാഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സുഭാഷ് കൂട്ടികളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. കുട്ടികൾ വീടിനകത്ത് എത്തിയപ്പോൾ ഇയാൾ തോക്ക് ചൂണ്ടിക്കൊണ്ട് അവരെ തടവിൽ വയ്ക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്നു ഏതാനും അയൽക്കാർ ഇയാളുടെ വീട്ടുവാതിലിൽ മുട്ടിയതോടെയാണ് സത്യാവസ്ഥ മനസിലാകുന്നത്.

ശേഷം, ഇവർ പൊലീസിനെ വിവരം അറിയിക്കുന്നത്. സുഭാഷുമായി അനുനയ നീക്കം നടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും അത് വിജയമായില്ല. തുടർന്നാണ് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും ചേർന്ന് സുഭാഷിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കൂട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.