ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരേ വെടിയുതിർത്തത് 17കാരൻ. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. സ്കൂളിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജേവാർ സ്വദേശിയാണ് 17കാരൻ. വിദ്യാർത്ഥിയുടെ പിതാവ് ഒരു പുകയിലക്കട നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ നാലു ദിവസമായി ഇയാൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കാറുണ്ടായിരുന്നെന്ന് പ്രതിയുടെ അമ്മാവൻ പറഞ്ഞു. ഒരു പ്രശ്നവുമുണ്ടാക്കാത്ത ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നു ഇയാളെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പറയുന്നത്.
ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. അതേസമയം, ഇയാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, 'ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു' എന്ന് ഫേസ്ബുക്കില്‍ അക്രമി പോസ്റ്റിട്ടിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിലുള്ളത്. താന്‍ ആരുടെയും പ്രേരണയോടെയുമല്ല വെടിയുതിര്‍ത്തതെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ "ജൻ ഏകത ജൻ അധികാർ ആന്ദോളൻ" പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്നതിന് ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് വിദ്യാർത്ഥികൾ മാർച്ചുനടത്തുന്നതിനിടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളുടെ മാർച്ചിനുനേരെ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയെത്തിയ ഗോപാൽ ശർമ പ്രകടനത്തിന്റെ മുന്നിലെത്തി 'ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്' എന്ന് ആക്രോശിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കുനേരെ തോക്കുചൂണ്ടി.
തുടർന്ന് വിദ്യാർത്ഥി നിറയൊഴിക്കുകയായിരുന്നു. ‘ഇതാ പിടിച്ചോ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് ആക്രോശിച്ചായിരുന്നു പ്രതി വെടിയുതിർത്തത്. ഷദാബ് ഫാറൂഖ് എന്ന വിദ്യാർഥിയുടെ കൈക്കാണ് വെടിയേറ്റത്. അതിനുപിന്നാലെ മറ്റു സമരക്കാർക്കു നേരേ തോക്കു ചൂണ്ടി ഭീഷണി മുഴക്കി. അപ്പോഴൊക്കെ സ്ഥലത്ത് വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. അതിനുശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.