niramal-sitaraman-modi

ന്യൂഡൽഹി: ഇത്തവണത്തെ ബഡ്‌ജറ്രിൽ ഏറെ സാദ്ധ്യതയുള്ള ഒരു തീരുമാനം വ്യക്തിഗത ആദായ നികുതി കുറച്ചേക്കുമെന്നതാണ്. ഇടത്തരക്കാർക്ക് കൂടുതൽ നേട്ടം ലഭിക്കാനാകുന്ന വിധം സ്ളാബുകൾ തന്നെ പരിഷ്‌കരിച്ചേക്കാം. നികുതി കുറയുന്നത് ജനങ്ങളുടെ പക്കൽ കൂടുതൽ പണമെത്താൻ വഴിയൊരുക്കും. ഇത് ഉപഭോക്തൃ വിപണിക്കും നേട്ടമാകും. അതു പോലെ സെക്ഷൻ 80 സിക്ക് ഇളവ് നൽകാനും സാദ്ധ്യതയുണ്ട്. ലൈഫ് ഇൻഷ്വറൻസ് പദ്ധതികളിലും മറ്റും നിക്ഷേപിക്കുന്നതിലൂടെ, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ആദായ നികുതിയിൽ കൂടുതൽ ഇളവ് നേടാൻ സഹായിക്കുന്ന ചട്ടമാണിത്. ഇളവിന്റെ പരിധി രണ്ടുലക്ഷമെങ്കിലും ആക്കിയേക്കും.

കോർപ്പറേറ്ര് നികുതി കുറച്ചേക്കും

കഴിഞ്ഞ ബഡ്ജറ്രിന് ശേഷം പത്രസമ്മേളനത്തിലൂടെ കോർപ്പറേറ്ര് നികുതി നിർമ്മല സീതാരാമൻ 30 ശതമാനത്തിൽ നിന്ന് 22 ശതമാനമാക്കിയിരുന്നു. എന്നാൽ, പാർട്ടണർഷിപ്പ് കമ്പനികളും ലിമിറ്റഡ് ലയബിലിറ്രി പാർട്ട്ണർഷിപ്പ് (എൽ.എൽ.പി) സ്ഥാപനങ്ങളും ഇപ്പോഴും നൽകുന്നത് 30 ശതമാനം നികുതിയാണ്. ഇത്തവണ ബഡ്ജറ്റിൽ ഇതു കുറച്ചേക്കും.

അതു പോലെ ഓഹരി വിപണിയിൽ നിന്നുള്ള ലാഭത്തിന് ഏർപ്പെടുത്തിയ ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) കുറയ്ക്കാനോ ഒഴിവാക്കാനോ ഇക്കുറി നിർമ്മല ശ്രമിച്ചേക്കും. ഇത്, കൂടുതൽ നിക്ഷേപകരെ ആകർഷിക്കും

കാർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

ജനസംഖ്യയുടെ 50 ശതമാനവും കാർഷിക വൃത്തിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം.പി.എംകിസാൻ സ്‌കീം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയേക്കും. കാർഷിക വായ്പയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കാനും സാദ്ധ്യതയുണ്ട്. കടം എഴുതിത്തള്ളുന്നതും പരിഗണനയിലുണ്ട്. വിളകളുടെ താങ്ങുവില കൂട്ടിയേക്കും. ജൈവകൃഷിക്കും കൂടുതൽ ഊന്നൽ നൽകിയേക്കും.

എല്ലാവർക്കും വീട്

2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മോദി സർക്കാരിനുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഭവന വായ്പാ പലിശയിന്മേലുള്ള നികുതി ഇളവ് നിലവിൽ രണ്ടുലക്ഷം രൂപയാണ്. ഇത് ഉയർത്തിയേക്കും. നിർമ്മാണത്തിലിരിക്കുന്ന ഭവന പദ്ധതികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്ര് (ഐ.ടി.സി) ആനുകൂല്യം കിട്ടിയിരുന്നത് ജി.എസ്.ടി 5% ആയി കുറച്ചപ്പോൾ ഒഴിവാക്കിയിരുന്നു. ഇതു തിരിച്ചുകൊണ്ടുവന്നേക്കും.

കഴിഞ്ഞ ബഡ്ജറ്രിന് ശേഷം റിയൽ എസ്‌റ്രേറ്ര് മേഖലയുടെ ഉണർവിനായി, 'ലാസ്റ്റ് മൈൽ ഫണ്ടിംഗ്' എന്ന പേരിൽ 20,000 കോടി രൂപയുടെ പാക്കേജും 25,000 കോടി രൂപയുടെ ഓൾട്ടർനേറ്റീവ് ഇൻവെസ്റ്ര് ഫണ്ടും നിർമ്മല പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്റെ നടപടികളായിട്ടില്ല. ഇതിന് വേഗം കൂട്ടുന്ന നടപടികൾ ബഡ്ജറ്റിലുണ്ടായേക്കും. കൂടുതൽ ഇൻസെന്റീവുകളും പ്രതീക്ഷിക്കുന്നു.

ആരോഗ്യരംഗം ശക്തിപ്പെടുത്തും

കഴിഞ്ഞ ബഡ്ജറ്റിൽ ഏകദേശം 60,000 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയത്. ഇക്കുറി ഇത് 25 ശതമാനം വരെ ഉയർത്തിയേക്കും.മോദി സർക്കാരിന്റെ സുപ്രധാന പദ്ധതിയായ 'ആയുഷ്മാൻ ഭാരതി 'ന് അനുവദിച്ച തുക 6,400 കോടി രൂപയാണ്. ഈ തുകയിലും വർദ്ധന ഉണ്ടായേക്കും.

വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് ഫണ്ട് രൂപീകരിച്ചേക്കും. വിദേശ വിദ്യാഭ്യാസത്തിന് നിലവിൽ ബാങ്കുകൾ നൽകുന്ന വായ്പ 7.5 ലക്ഷം രൂപയാണ്. ഈ പരിധി ഉയർത്തിയേക്കും. വ്യവസായ മേഖലയുമായി ചേർന്നുള്ള പഠനരീതിക്ക് മുൻതൂക്കം നൽകാനും സാദ്ധ്യതയുണ്ട്.

തൊഴിലവസരം കൂട്ടാൻ തന്ത്രം

എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇക്കുറി ബഡ്ജറ്റിൽ വലിയ പ്രാധാന്യം ലഭിച്ചേക്കും. തൊഴിലവസരങ്ങൾ ഇതുവഴി ഉയർത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സ്റ്രാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഇന്നൊവേഷൻ ഫണ്ടും ആലോചനയിലുണ്ട്.