nirbhaya

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ലാത്ത സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് 'നിർഭയ'യുടെ അമ്മ ആശാ ദേവി. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും പ്രായപൂർത്തിയാകാത്ത കേസിലെ പ്രതിയെ വിട്ടയച്ചത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അവർ പറഞ്ഞു.

തന്റെ മകളോട് ക്രൂരത കാട്ടിയപ്പോൾ ഈ പ്രതിക്ക് പ്രായം ഒരു തടസമായിരുന്നില്ലല്ലോ എന്നും ആശാ ദേവി ചൂണ്ടിക്കാണിച്ചു. ഒരു സ്വകാര്യ മലയാളം വാർത്താ ചാനലിനോടാണ് നിർഭയയുടെ അമ്മ ഇക്കാര്യങ്ങൾ പറഞ്ഞത്.

ശിക്ഷ നടപ്പാക്കുന്നത് 'നിർഭയ'യുടെ മാതാപിതാക്കൾക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ മാതാപിതാക്കൾക്കും വേണ്ടിയാണെന്നും ആശാ ദേവി പ്രതികരിച്ചു. മരണ വാറന്റ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കുകയാണ്.

പ്രതികളുടെ നിയമപരിഹാരം തേടലുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് തിഹാർ ജയിൽ അധികൃതർ സമർപ്പിക്കും. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.