
ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള മതസൗഹാർദ്ദം വിഷയമാക്കികൊണ്ട് ടിക്ക് ടോക്കിൽ വീഡിയോകൾ ചെയ്തിരുന്ന യുവാവിനെതിരെ നടപടിയുമായി ആപ്പ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുമുള്ള 22 വയസുകാരനായ അജയ് ബർമൻ എന്ന് പേരുള്ള യുവാവിനാണ് ടിക്ക് ടോക്കിൽ നിന്നും ഭാഗികമായ നിരോധനം എന്ന് വിളിക്കാവുന്ന നടപടി നേരിടേണ്ടതായി വന്നത്. 'അപായകരമായ' ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി അജയിയുടെ അക്കൗണ്ടിനെതിരെ 'ഷാഡോ ബാൻ' എന്ന നീക്കമാണ് ടിക്ക് ടോക്ക് നടത്തിയിരിക്കുന്നത്.
രണ്ട് തരത്തിലുള്ള കണ്ടന്റാണ് സാധാരണ നിലയിൽ ടിക്ക് ടോക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തുക. 'ഫോർ യു' എന്ന പേരിലുള്ള ഭൂരിഭാഗം പേരും കാണുന്ന വീഡിയോകളും, സബ്സ്ക്രൈബ് ചെയ്‌താൽ മാത്രം കാണാൻ സാധിക്കുന്ന വീഡിയോകളും. ഇതിൽ 'ഫോർ യു' കാറ്റഗറിയിലാണ് അജയ് വ്യാപകമായി തഴയപ്പെട്ടിരിക്കുന്നത്. ടിക് ടോക്കിലുള്ള എല്ലാ വീഡിയോകളും എല്ലാ ഉപഭോക്താക്കളുടെയും മുന്നിലേക്ക് സാധാരണ എത്താറുണ്ട്.
എന്നാൽ 'ഷാഡോ ബാൻ' ചെയ്തുകഴിഞ്ഞാൽ വളരെ കുറച്ച് പേരിലേക്ക് മാത്രമേ ബാൻ ലഭിച്ച ആളുടെ വീഡിയോകൾ എത്തുകയുള്ളൂ. അക്കൗണ്ടിന്റെ ഉടമ ഇത് പലപ്പോഴും അറിയാതെ പോകുകയാണ് ചെയ്യുക. ഇതുകാരണം, തുടക്കത്തിൽ 2 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്ന അജയിന്റെ വീഡിയോകൾക്ക് ഇപ്പോൾ എണ്ണായിരം വ്യൂസ് മാത്രമാണ് ലഭിക്കുന്നത്. തന്റെ ഫോള്ളോവേഴ്സിന്റെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചതായി അജയ് ബർമൻ പറയുന്നുണ്ട്.
രാഷ്ട്രീയ ചുവയുള്ള കണ്ടന്റുകൾക്ക് പ്രചാരണം നൽകുന്നത്തിലുള്ള ടിക്ക് ടോക്കിന്റെ വിമുഖതയാണ് അജയിന് തിരിച്ചടിയായി ഭവിച്ചത്. ഇത് കാരണം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചുകൊണ്ടുള്ള വീഡിയോകളും ടിക്ക് ടോക്ക് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന ആരോപണവും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. അത് മാത്രമല്ല, പൗരത്വ നിയമഭേദഗതി വിഷയം ചർച്ചയായ ശേഷമാണ് ടിക്ക് ടോക്ക് തനിക്കെതിരെ നടപടിയെടുത്തതെന്നും അജയ് ബർമൻ ആരോപിക്കുന്നു.
ബാൻ വരും മുൻപ് 'മനുഷ്യത്വം' പ്രചരിപ്പിക്കുന്ന കണ്ടന്റുകൾ സൃഷ്ടിക്കുന്ന ടിക് ടോക്കർ എന്ന നിലയിൽ അജയ് പ്രശസ്തനായിരുന്നു. ഭോപ്പാലിൽ നിന്നുമുള്ള ഒരു ഹിന്ദു യുവാവ് മതസൗഹാർദ്ദം പ്രചരിപ്പിക്കുന്നു എന്നതായിരുന്നു ടിക്ക് ടോക്ക് ഉപഭോക്താക്കൾ അജയുടെ ആരാധകരായി മാറാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം.