
സി.ഐ ബഞ്ചമിനും സംഘവും ഉൾവനത്തിലെത്തി.
അവിടെ നടപ്പാത രണ്ടായി പിരിയുകയാണ്. മുൻപ് ഒരിക്കൽ ഇവിടെ വന്നെങ്കിലും ഇടത്തേക്കോ വലത്തേക്കോ പോകേണ്ടത് എന്നൊരു സന്ദേഹം.
അയാൾ തിരിഞ്ഞ് എസ്.ഐ സുകേശിനെ നോക്കി.
''എങ്ങോട്ടാ സുകേശേ?"
''സാർ... വലത്തേക്കാ."
എസ്.ഐ പറഞ്ഞു.
വീണ്ടും യാത്ര...
ഇപ്പോൾ വഴി നന്നായി ഓർമ്മ വന്നു.
പെട്ടെന്ന് സുകേശ് നിന്നു. മൂക്കുവിടർത്തി മണം പിടിച്ചു.
''സാർ... ആരോ മാംസം വേവിക്കുന്നതുപോലെ തോന്നുന്നു."
സി.ഐയും പോലീസുകാരും അറിയിച്ചു.
ശരിയാണ്!
വേകുന്ന മാംസത്തിന്റെ ഗന്ധം.
''ട്രൈബ്സ് ഏതെങ്കിലും മൃഗത്തെ പിടിച്ച് ചുടുകയാകും. വല്ല മുയലോ കാട്ടുകോഴിയോ..." ഒരു കോൺസ്റ്റബിൾ പറഞ്ഞു.
''അത് ശരിയായ കാര്യമല്ലല്ലോ. വനവിഭവങ്ങൾ അവർക്ക് എടുക്കുവാൻ അനുവാദമുണ്ട്. പക്ഷേ ജീവികളെ കൊല്ലാനില്ല. ഫോറസ്റ്റുകാരെക്കൂടി കൂട്ടേണ്ടതായിരുന്നു..."
അതും പറഞ്ഞ് അലിയാർ വീണ്ടും നടന്നു.
ഒരു മണിക്കൂർ യാത്രകൂടി.
അവർ ട്രൈബ്സിന്റെ കോളനിയിലെത്തി.
അവരെ കണ്ട് അവിടുത്തെ താമസക്കാർ മെല്ലെ അടുത്തെത്തി.
കൂട്ടത്തിൽ കാണി (മൂപ്പൻ) യും ഉണ്ടായിരുന്നു.
''വരണം സാർ...."
മൂപ്പൻ കൈകൂപ്പി.
ചുറ്റുമുള്ളവരെ ഒന്നു ശ്രദ്ധിച്ചുകൊണ്ട് ബഞ്ചമിനും സംഘവും മൂപ്പന്റെ കുടിലിനു മുന്നിലേക്കു നീങ്ങി.
അവിടെ മരക്കുറ്റികൾ നാട്ടി അതിൽ കമ്പുകൾ പാകിയുണ്ടാക്കിയ ബഞ്ചിൽ അലിയാരും സുകേശും ഇരുന്നു.
പോലീസുകാർ അവർക്കു പിന്നിൽ നിന്നു.
''മൂപ്പാ..."
അലിയാർ കരുതലോടെ സംസാരിച്ചു.
''കഴിഞ്ഞ ഒരുതവണ ഞങ്ങൾ ഇവിടെ വന്നിരുന്നു. ഓർക്കുന്നുണ്ടല്ലോ?"
''ഉണ്ട്." മൂപ്പൻ സമ്മതിച്ചു.
'' എങ്കിൽ ഇനി ഒന്നും ഒളിക്കാൻ ശ്രമിക്കരുത്. അവൾ ഇവിടെയുണ്ടെന്നും നിങ്ങളൊക്കെയാണ് അവളെ സഹായിച്ചുകൊണ്ടിരുന്നതെന്നും ഞങ്ങൾക്ക് അറിയാം. അതിനുള്ള തെളിവുകളുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്."
മൂപ്പൻ മിണ്ടാതെ അലിയാരെത്തന്നെ നോക്കിയിരുന്നു.
സി.ഐ തുടർന്നു.
''വടക്കേ കോവിലകത്തു നടന്ന അനേകം കൊലപാതകങ്ങൾക്കു പിന്നിൽ നിങ്ങൾക്കെല്ലാം പങ്കുണ്ട്. എന്നുവച്ച് നിങ്ങളെ ആരെയും ഞങ്ങൾ ഉപദ്രവിക്കില്ല. ഇത് എന്റെ വാക്കാണ്."
''സാറിനിപ്പം ആരെയാ വേണ്ടത്?" മൂപ്പൻ മെല്ലെ നാവനക്കി.
''പാഞ്ചാലിയെ."
മൂപ്പന്റെ മുഖത്ത് പ്രത്യേക ഭാവമാറ്റം ഒന്നുമുണ്ടായില്ല.
അയാളറിയിച്ചു.
''നിങ്ങൾ വരുമെന്ന് പാഞ്ചാലിത്തമ്പുരാട്ടി പറഞ്ഞിരുന്നു. നിങ്ങളെ ഉപദ്രവിക്കുകയോ തടയുകയോ ചെയ്യരുതെന്നും."
അലിയാരും സുകേശും മുഖാമുഖം നോക്കി.
മൂപ്പൻ വീണ്ടും പറഞ്ഞു.
''സാറന്മാർക്ക് പാഞ്ചാലിത്തമ്പുരാട്ടിയെ മാത്രമല്ല ഞങ്ങൾ എല്ലാവരെയും കൊണ്ടുപോകാം. തടവിലിടാം. എന്നാൽ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും."
''അതെന്താ?"
അലിയാർ നെറ്റിചുളിച്ചു.
''തമ്പുരാട്ടി ഒരിടത്ത് വരെ പോയിരിക്കുകയാ... ഒരു പ്രധാന കാര്യത്തിന്. അതിപ്പോൾ കഴിഞ്ഞുകാണും. മടങ്ങിവരുന്നത് സാറമ്മാരുടെ മുമ്പിലേക്കാവും."
മൂപ്പന്റെ മകൾ, ഒരു കറുത്ത സുന്ദരി എല്ലാവർക്കും തേൻകലർത്തിയ വെള്ളം കുടിക്കാൻ കൊടുത്തു.
അതുവരെ അത്തരം ഒരു പാനീയം ആരും കുടിച്ചിട്ടില്ല.
മധുരത്തിന്റെയും തണുപ്പിന്റെയും അപാരമായ രുചി!
''എനിക്ക് അല്പംകൂടി വേണം." സി.ഐ പറഞ്ഞുപോയി.
അയാൾക്കു മാത്രമല്ല എല്ലാവർക്കും വീണ്ടും വെള്ളം കൊടുത്തു.
കർച്ചീഫ് എടുത്ത് ചുണ്ടു തുടച്ചിട്ട് അലിയാർ അറിയിച്ചു.
''പാഞ്ചാലി എവിടെയാണെന്നു പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ടുപോകാം. ഒരാൾ വഴികാണിച്ചാൽ മതി."
''അത് വേണ്ട."
മൂപ്പൻ ശിരസ്സ് ഇടംവലം വെട്ടിച്ചു.
''വളരെ പ്രധാനപ്പെട്ട കാര്യത്തിനാ തമ്പുരാട്ടി പോയത്. അതിന് വിഘ്നം ഉണ്ടാവരുത്."
ട്രൈബ്സിന്റെ ഭാഗത്തുനിന്ന് പ്രകോപനമെന്നും ഇല്ലാത്തതിനാൽ കാത്തിരിക്കാൻ തീരുമാനിച്ചു പോലീസ് സംഘം.
കാടിനെയും അവരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അലിയാർ ചോദിച്ചറിഞ്ഞു.
പാവങ്ങൾ!
അലിയാർക്ക് അവരോട് കരുണ തോന്നി. വനസമ്പത്തുകൾ പുറം ലോകത്ത് എത്തിച്ചുകൊടുത്താൽ കിട്ടുന്നത് തുച്ഛമായ പ്രതിഫലം. അതിന്റെ പത്തിരട്ടിയോളം വിലയ്ക്കാണ് പിന്നെ ജനങ്ങളിലെത്തുന്നത്.
മാത്രമല്ല വർഷാവർഷം ഇവർക്കായി കോടിക്കണക്കിനു രൂപ സർക്കാർ മുടക്കുന്നുണ്ട്. എന്നാൽ ഒന്നും ഇവരുടെ കയ്യിൽ എത്തുന്നില്ല...
ഇലക്ഷൻ കാലത്ത് മാത്രമുണ്ട് ഇവർക്ക് വില!
വോട്ടിംഗ് മെഷീനുകളുമായി ഇവരെത്തേടി ഉദ്യോഗസ്ഥർ ഊരുകളിൽ വരെ എത്തുന്നു.
അതുകഴിഞ്ഞാൽ അടുത്ത ഇലക്ഷനു മതി ഇവരെ...
അലിയാരുടെ ചിന്തയെ മുറിച്ചുകൊണ്ട് ഒരു കൂട്ടം പേർ അവർക്കു മുന്നിലെത്തി.
പാഞ്ചാലിയും സംഘവും!
(തുടരും)